ഐപിഎല്ലിനായി ഏഷ്യാകപ്പ് റദ്ദാക്കാനാവില്ലെന്ന് പാകിസ്താൻ

single-img
15 April 2020

ഇന്ത്യയ്ക്ക് ഐപിഎല്‍ നടത്തുന്നതിനായി ഏഷ്യാ കപ്പ് റദ്ദാക്കില്ല എന്ന് വ്യക്തമാക്കി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി എഹ്‌സാന്‍ മനി. 2020 സപ്തംബറില്‍ ദുബായ്, അബുദാബി എന്നീവിടങ്ങളിലായാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ആദ്യം ടൂര്‍ണമെന്റിന്റെ വേദിയായി തിരഞ്ഞെടുത്തത് പാകിസ്താനെയായിരുന്നു എങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ടൂര്‍ണമെന്റ് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഇന്ത്യയുടെ കടുംപിടിത്തത്താൽ ദുബായ്, അബുദാബി എന്നീവിടങ്ങളിലേക്ക് പിന്നീട് മല്‍സരങ്ങള്‍ മാറ്റുകയായിരുന്നു. കൊറോണ കാരണം മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ മുടങ്ങിയിരിക്കുകയാണ്. ആദ്യം ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് ബിസിസിഐ മാറ്റിയിരുന്നെങ്കിലും ഇന്ത്യയിൽ മേയ് മൂന്നു വരെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഐപിഎല്‍ വീണ്ടും അനിശ്ചിതമായി മാറ്റിയിരിക്കുകയാണ്.

അതേസമയം ഈ വര്‍ഷം തന്നെ മറ്റൊരു സമയത്ത് ഐപിഎല്‍ നടത്താനുള്ള സാധ്യതകള്‍ ബിസിസിഐ പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പോ, ടി20 ലോകകപ്പോ മാറ്റി വയ്ക്കുകയാണെങ്കില്‍ ഈ സമയം ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ നീക്കം.