ആഗോളസാമ്പത്തികമാന്ദ്യത്തിലേക്ക് ലോക വിപണി; ഇന്ത്യയിലും പ്രതിഫലനങ്ങൾ ഉണ്ടാകും: ഐഎംഎഫ്

single-img
14 April 2020

കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഈ വർഷം വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജൻസിയായ ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട്( ഐഎംഎഫ്) വെളിപ്പെടുത്തുന്നു . 1930 കാലഘട്ടത്തിൽ ലോകവിപണിയെ തകർത്ത ആഗോളസാമ്പത്തികമാന്ദ്യത്തിന് സമാനമായ തരം സാമ്പത്തിക നഷ്ടത്തിലേക്ക് ഇപ്പോഴും ആഗോളവിപണി കൂപ്പുകുത്തുമ്പോൾ, അതിന്‍റെ പ്രതിഫലനങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഇപ്പോൾ തന്നെ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണി പൂർണമായും നിശ്ചലാവസ്ഥയിലാണ്. ഈ സാഹചര്യത്തിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന സാമ്പത്തികശക്തികളുടെ പട്ടികയിൽ നിന്ന് ഇന്ത്യയെ ഐഎംഎഫ് ഒഴിവാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാര്യം കൊവിഡ് ബാധ രാജ്യത്തെയാകെ സ്തംഭനാവസ്ഥയിലെത്തിച്ചിട്ടും ചൈന ഇപ്പോഴും സാമ്പത്തിക അസ്ഥിരതയിലേക്ക് വീഴുന്നില്ല എന്നതാണ്. നാലോളം മാസമായിരുന്നു ചൈനയെപ്പോലൊരു വലിയ രാജ്യം സ്തംഭനാവസ്ഥയിൽ നിന്നത്. ആ സാഹചര്യത്തിലുംചൈനയുടെ വളർച്ച നെഗറ്റീവിലേക്ക് എത്തിയില്ല. ഇനി 1.2 ശതമാനം വളർച്ചയിലേക്ക് നീങ്ങുമെന്നാണ് ഐഎംഎഫിന്‍റെ പ്രവചനം.

ലോകവ്യാപകമായി സാമ്പത്തിക വ്യവസ്ഥ 2020-ൽ നെഗറ്റീവ് വളർച്ചയിലേക്ക്, അഥവാ കീഴോട്ട് പതിക്കുമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. -3 ശതമാനത്തിലേക്ക് സാമ്പത്തികവളർച്ച കൂപ്പുകുത്തിയേക്കാം. ഈ വർഷത്തെ ജനുവരിയിൽ നിന്ന് 6.3 ശതമാനത്തിന്‍റെ കുറവാണിത്. തീരെ ചെറിയ കാലയളവിനുള്ളിൽ ഇത്ര വലിയൊരു ചാഞ്ചാട്ടം ആഗോളവിപണിയിലുണ്ടാകുന്നത് തീർത്തും അപൂർവമാണ്”, ഇൻഡോ അമേരിക്കൻ വംശജയും ഐഎംഎഫിന്‍റെ ചീഫ് എക്കണോമിസ്റ്റുമായ ഗീത ഗോപിനാഥ് പറയുന്നു.

നിലവിൽ ലോകത്തെവൻസാമ്പത്തിക ശക്തികളായ മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ച കീഴോട്ടാണ്. യുഎസ്എ 5.9 ശതമാനം, ബ്രിട്ടൻ 6.5 ശതമാനം, ജർമനി 7 ശതമാനം, ഫ്രാൻസ് 7.2 ശതമാനം, ഇറ്റലി 9.1 ശതമാനം, സ്പെയിൻ 8 ശതമാനം എന്നിങ്ങനെയാണിത്.