ഇതൊരു മധുര പ്രതികാരം; 5 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി 5,50,000 മാസ്‌കുകൾ നൽകി വിയറ്റ്നാം

single-img
14 April 2020

അതെ, ഇതൊരു മധുര പ്രതികാരം തന്നെയാണ്. കാരണം 1950കളില്‍ ആയിരക്കണക്കിന് വിയറ്റ്നാം പൗരന്മാരെ കൊന്നൊടുക്കിയ ഫ്രാന്‍സിനുള്‍പ്പെടെ 5 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി 5,50,000 മാസ്‌കുകളാണ് വിയറ്റ്നാം കൊടുത്തയച്ചത്. അവയിൽ തന്നെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്പെയ്ന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്ക് 3,90,000 മാസ്‌കുകളും, മറ്റ് അയല്‍രാജ്യങ്ങളായ കമ്പോഡിയ, ലാവോസ് എന്നിവയ്ക്ക് 3,40,000 മാസ്‌കുകളും കൊറോണ പ്രതിസന്ധിയിൽ വിയറ്റ്നാം നിര്‍മ്മിച്ചുനല്‍കി.

ഇതിന് പുറമെയാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് പത്ത് ലക്ഷത്തിലധികം മാസ്‌കുകൾ വിയറ്റ്‌നാം നല്‍കിയത്. യുഎസിന് 4,50,000 സുരക്ഷ സ്യൂട്ടുകളും നല്‍കിയ വിയറ്റ്‌നാം അടുത്തതായി ഇന്ത്യയ്ക്കും ആരോഗ്യ രക്ഷ ഉപകരണങ്ങള്‍ നല്‍കും. കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിയറ്റ്‌നാം പ്രസിഡണ്ട് നുയെന്‍ സുവാന്‍ ഫുകുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.

ഈ ചർച്ചയിലാണ് വിയറ്റ്‌നാം കൊവിഡ് സുരക്ഷാ സഹായം ഇന്ത്യയ്ക്കും നല്‍കാമെന്ന് സമ്മതിച്ചത്. ഇപ്പോഴുള്ള സഹായം മാത്രമല്ല ഊര്‍ജ്ജ മേഖലയിലടക്കം വരും കാലങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള സാധ്യതയും ഇരുനേതാക്കളും സംസാരിച്ചു.

വിയറ്റ്‌നാം സ്വന്തമായി നിർമ്മിച്ച പിപി.ഇ കിറ്റുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഈ മാസം എട്ടിന് അമേരിക്കയില്‍ എത്തിച്ചതെന്ന് വിയറ്റനാം എംബസി വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളായാണ് അവശ്യ വസ്തുക്കള്‍ വിയറ്റ്‌നാം അമേരിക്കയ്ക്ക് നല്‍കുന്നത്.