യുഎഎയിലുള്ള പൗരന്മാരെ പാകിസ്താന്‍ തിരികെ കൊണ്ടുപോകുന്നു; ടിക്കറ്റ് പാക് ഭരണകൂടം വഹിക്കും

single-img
14 April 2020

നിലവിൽ യുഎഇയിലെ പാക് പൗരന്മാരെ തിരികെ കൊണ്ടുപോകാനുള്ള നടപടികള്‍ കൊറോണ പശ്ചാത്തലത്തിൽ പാക് ഭരണകൂടം തുടങ്ങി. യുഎഇയിലുള്ള ജയിലുകളില്‍ നിന്ന് സമീപ കാലം മോചിതരായ പൗരന്മാരെയാണ് ആദ്യം നാട്ടിൽ എത്തിക്കുന്നത്.

ഇവരെ യുഎഇ ഭരണകൂടം സജ്ജമാക്കിയ ഫ്ലൈ ദുബായ് വിമാനങ്ങളിലായിരിക്കും ഫൈസലാബാദിലേക്കും പെഷവാറിലേക്കും കൊണ്ടുപോകുന്നത്. ഇതിൽ തടവുകാര്‍ക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക. ഇവർക്കുള്ള ടിക്കറ്റ് പാക് ഭരണകൂടമാണ് വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോൾ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് പാക് പൗരന്മാരെ ഉടന്‍ തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ദുബായിലെ പാക് കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റ് ചെയ്തു.

ഇവർക്കായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായെന്നും ഇനി സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് കോണ്‍സുലേറ്റ് അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ദുബായില്‍ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനം ഫൈസലാബാദ് വിമാനത്താവളത്തില്‍ രാത്രി 8.30ന് എത്തും. തിരികെ അവിടെ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം 22.50ന് ദുബായ് വിമാനത്താവളത്തിലിറങ്ങും. ഇപ്പോൾ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന 25,000ല്‍ പരം പാകിസ്ഥാനി പൗരന്മാര്‍ തിരികെ പോകാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.