രാജ്യത്ത് മരുന്നും ഭക്ഷ്യധാന്യങ്ങളും ആവശ്യത്തിനുണ്ടെന്നു പ്രധാനമന്ത്രി

single-img
14 April 2020

ലോക് ഡൗൺ നീട്ടിയെങ്കിലും രാജ്യത്തിന് ആവശ്യമായ മരുന്നും ഭക്ഷ്യധാന്യങ്ങളും ലഭ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടി കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.ദരിദ്രജനവിഭാഗങ്ങളെ സഹായിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും മോദി പറഞ്ഞു. 

ഇനി പുതുതായി ഒരു ഹോട്‌സ്‌പോട്ടും ഉണ്ടാവാന്‍ സംസ്ഥാനങ്ങള്‍ അനുവദിക്കരുത്. ഇതില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിച്ചാല്‍ ചില ഇളവുകള്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. വരുന്ന ഏപ്രില്‍ 20 വരെ എല്ലാ സംസ്ഥാനങ്ങളെയും ജില്ലകളെയും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ വിജയിച്ചാല്‍, ചില സുപ്രധാന മേഖലകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ചില ഉപാധികളോടെ മാത്രമായിരിക്കും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവദിക്കുകയുളളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക അടച്ചിടല്‍ മെയ് മൂന്ന് വരെയാണ് നീട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡിനെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ രാജ്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.