22 കാരനായ ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത് നെയ്മറുടെ അമ്മ; ആശംസകൾ നേർന്ന് താരം

single-img
14 April 2020

ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത് ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറുടെ ജീവിതത്തിലെ വിശേഷമാണ്. നെയ്മറിന്റെ അമ്മ നദീനെ ഗോണ്‍സാല്‍വസ് സാന്തോസിന് പുതിയ ജീവിത പങ്കാളിയെ കിട്ടിയിരിക്കുന്നു. വീഡിയോ ഗെയ്‌മറായ തിയാഗോ റാമോസ് ആണ് നദീനെയുടെ പങ്കാളിയെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇരുവരും തമ്മില്‍ ഡേറ്റിങ്ങിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതിനുപിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്.

സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരുടേയും പോസ്റ്റ് വലിയ ചര്‍ച്ചയായി. നെയ്‌മറിനേക്കാള്‍ ആറ് വയസ് കുറവാണ് തിയാഗോ റാമോസിന്. ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘വിശദീകരിക്കാന്‍ സാധിക്കാത്തത്’ എന്ന അടിക്കുറിപ്പോടെ തിയാഗോയും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. നദീനെ ഗോണ്‍സാല്‍വസിനെ പരിചയപ്പെടും മുമ്പെ നെയ്മറുടെ കടുത്ത ആരാധകനായിരുന്നു ബ്രസീലിലെ പെര്‍നാംബുകോ സ്വദേശിയായ തിയാഗോ റാമോസ്.

നദീനെ പങ്കുവച്ച ചിത്രത്തിനു താഴെ നെയ്‌മര്‍ കമന്റ് ചെയ്‌തിട്ടുണ്ട്. ‘അമ്മ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, എപ്പോഴും സന്തോഷവതിയായിരിക്കുക’ നെയ്‌മര്‍ കുറിച്ചു.
നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നര്‍ റിബെറോയില്‍ നിന്ന് നദീനെ 2016 വിവാഹമോചനം നേടിയിരുന്നു.25 വര്‍ഷത്തിനുശേഷമാണ് ഇരുവരും പിരിഞ്ഞത്. നദീനെയുടെ പുതിയ ബന്ധത്തിനു ആശംസകള്‍ അറിയിച്ച്‌ വാഗ്‌നറും രംഗത്തെത്തിയിട്ടുണ്ട്.