കുറഞ്ഞ വിലയ്ക്ക് നാട്ടുകാർക്ക് ബിരിയാണി ലഭ്യമാക്കി മതിലകം ഗ്രാമ പഞ്ചായത്ത്; വിൽ‌പ്പനയിലൂടെ കിട്ടുന്ന പണം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

single-img
14 April 2020

മതിലകം: കൊറോണക്കാലത്തെ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ സാധാരണക്കാർ ഏക ആശ്രയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നതും ഇതുവഴിയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സുമനസുകളുടെ സഹായമാണ് ദുരിതാശ്വാസ നിധിയെ നിലനിർത്തുന്നത്.

നിരവധിപ്പോർ തങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് സംഭാവനകൾ നൽകിവരുന്നുമുണ്ട്. കൊറോണക്കാലത്തെ അതിജീവിക്കാൻ ധനസമാഹരണത്തിനായി ഒരു പുത്തന്‍ ആശയം തന്നെ അവതരിപ്പിച്ചിരിക്കുകയാണ് തൃശ്ശൂരിലെ മതിലകം ഗ്രാമപഞ്ചായത്ത്. നാട്ടുകാര്‍ക്ക് ബിരിയാണി വിതരണം ചെയ്താണ് ഈ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രനാണ് ഈ ആശയം നടപ്പാക്കിയത്. 100 രൂപ മാത്രം വിലയുള്ള രുചികരമായ കിടിലന്‍ ബിരിയാണിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാകം ചെയ്ത് വിതരണം ചെയ്തത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ഒരു ബിരിയാണിക്ക് നൂറു രൂപ നിരക്കില്‍ എത്തിക്കുകയായിരുന്നു. ജനങ്ങളുടെ പൂർണ പിന്തുണ കൂടിയായതോടെ കച്ചവടം പൊടിപൊടിച്ചു.

ഓര്‍ഡറെടുത്ത ബിരിയാണികള്‍ കമ്മ്യൂണിറ്റി കിച്ചണുമായി സഹകരിക്കുന്ന വാളണ്ടിയര്‍മാര്‍ തന്നെയാണ് സൗജന്യമായി വീടുകളില്‍ എത്തിച്ച്‌ നല്‍കിയത്. 3000 ത്തിലധികം ആവശ്യക്കാരായതോടെ ഓർഡറെടുക്കൽ നിർത്തിവയ്ക്കേണ്ടതായി വന്നു. പാചകം ചെയ്യാന്‍ ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള പണം നാട്ടുകാരിൽ ചിലർ സംഭാവനയായി നല്‍കിയതോടെ വലിയ പണച്ചെലവില്ലാതെ തന്നെ ബിരിയാണി പാകം ചെയ്യാനായി .

പ്രദേശത്തെ പുരുഷന്മാര്‍ തന്നെ നേരിട്ടായിരുന്നു പാചകം ഏറ്റെടുത്തത്. ബിരിയാണി വിറ്റുകിട്ടിയ തുകയ്ക്കൊപ്പം പഞ്ചായത്തിലെ പതിനേഴു വാർഡുകളിൽ നിന്നായി സമാഹരിച്ച രണ്ടരലക്ഷം രൂപയും പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.