ലോക്ഡൗണ്‍ ലംഘിച്ച് ബാന്ദ്രയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍; കനത്ത ജാഗ്രതയിൽ ഡൽഹിയും

single-img
14 April 2020

തങ്ങൾക്ക് സ്വദേശത്തേക്ക് തിരികെ പോകണം എന്ന ആവശ്യവുമായി ലോക്ഡൗണ്‍ ലംഘിച്ച് മുംബൈയിലെ ബാന്ദ്രയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ഒത്തുകൂടിയതിന് പിന്നാലെ കടുത്ത ജാഗ്രതയില്‍ രാജ്യ തലസ്ഥാനമായ ഡൽഹിയും. സംസ്ഥാന സർക്കാർ ജനങ്ങളോട് ലോക്ഡൗണ്‍ പാലിക്കണമെന്നും ഇപ്പോള്‍ ഉള്ള ഇടങ്ങളില്‍ത്തന്നെ തുടരണമെന്നും അഭ്യര്‍ത്ഥന നടത്തി.

ബാന്ദ്രയില്‍ സംഘടിച്ച തൊഴിലാളികള്‍ , തങ്ങൾ ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍നിന്നും ഇറക്കിവിടുകയാണെന്നും പറഞ്ഞിരുന്നു. ഇവർക്കൊപ്പം ഭക്ഷണം ആവശ്യപ്പെട്ട് സമീപത്തെ ചേരിയിലെ ആളുകളും സംഘത്തിലുണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തൊഴിലാളികളോട് പിരിഞ്ഞുപോകണമെന്ന് പോലീസ് അവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ വന്നതോടെ പോലീസ് ലാത്തി വീശി.

ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ലോക്ഡൗണ്‍ നീട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരന്നതെന്നാണ് വിവരം. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. ഈ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് ആളുകള്‍ കൂട്ടമായി എത്തിയത് ആശങ്കാജനകമാണ്.