മുഖ്യമന്ത്രി ഇടപെട്ടു: ഗർഭിണിയായ ഷിജില കണ്ണൂരിലെ വീട്ടിലെത്തും

single-img
14 April 2020

കര്‍ണാടക അധികൃതരുടെ അനുമതി ഉണ്ടായിട്ടും കേരളത്തിലേക്ക് കടക്കാന്‍ അനുമതി ലഭിക്കാതെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് ഒടുവിൽ നാടണയാനുള്ള സഹായമെത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് അവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാനായി നിർദ്ദേശം നൽകിയത്. വയനാട് ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദേശം എത്തിയത്. 

അതേസമയം ഗര്‍ഭിണിയ്‌ക്കൊ ഒപ്പമുള്ള കുട്ടിയുടെയും ബന്ധുവിൻ്റെയും കാര്യത്തില്‍ തീരുമാനമായിട്ടില്ല. 9 മാസം  ഗര്‍ഭിണിയായ തലശേരി സ്വദേശി ഷിജിലക്കാണ് മണിക്കൂറുകളോളം അതിര്‍ത്തിയില്‍ കാത്തുകിടന്നതിന് ശേഷം മടങ്ങി പോവേണ്ടി വന്നത്. ചെക്ക്‌പോസ്റ്റ് കടത്തി വിടാതിരുന്നതോടെ ഇവര്‍ മൈസൂരിലെ ബന്ധുവീട്ടിലേക്ക് തിരിച്ചു. എന്നാല്‍ മടങ്ങുന്നതിന് ഇടയില്‍ വഴിതെറ്റിയതോടെ രാത്രി മുഴുവന്‍ ഇവര്‍ക്ക് കാറില്‍ കഴിയേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ. 

സംഭവം വാര്‍ത്തയായതോടെ ജില്ലാ ഭരണകൂടം യുവതിയെ കടത്തിവാടാമെന്ന് സമ്മതിച്ചു. എന്നാല്‍ കൂടെയുള്ളവരെ കടത്തിവിടാന്‍ സമ്മതിക്കാതിരുന്നതോടെ യുവതി ഈ നിര്‍ദേശം തള്ളിയത് പ്രതിസന്ധിയായി. മുഖ്യമന്ത്രിയുടെ ഓഫീസിന്‍രെ ഇടപെടലിനെ തുടര്‍ന്ന് ഗര്‍ഭിണി നാട്ടിലേക്ക് പോകാന്‍ തയ്യാറായതായാണ് സൂചന. 

ബംഗളൂരുവില്‍ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ എത്തിയ യുവതി ആറ് മണിക്കൂറോളമാണ് ഇവിടെ കുടുങ്ങി കിടന്നത്. അതിര്‍ത്തി കടത്തിവിടാന്‍ ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന് ചെക്ക്‌പോസ്റ്റ് കടത്തി വിടാനുള്ള അനുമതി കത്ത് അയച്ചു എന്നറിയിച്ചതിനെ തുടര്‍ന്നാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ എത്തിയത്.

നാട്ടില്‍ ഗര്‍ഭിണിയെ ക്വാറന്റീനില്‍ പാര്‍പ്പിക്കും. കുട്ടിയെയും ബന്ധുവിനെയും അവര്‍ ഇപ്പോഴുള്ള സ്ഥലത്തുതന്നെ ക്വാറന്റീനിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.