വീട്ടിലിരിക്കണോ വേണ്ടയോയെന്ന് രാവിലെ 10 മണിക്കറിയാം

single-img
14 April 2020

കോവിഡ് രോ​ഗവ്യാപനം പ്രതിരോധിക്കുന്നതിൻ്റെ ഭാ​ഗമായി ലോക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ പ്രഖ്യാപനം ഇന്നുണ്ടാവും. രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. മാർച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ചൊവ്വാഴ്ച അർധരാത്രി അവസാനിക്കുകയാണ്. 

അടച്ചിടൽ രണ്ടാഴ്ച കൂടി നീട്ടാൻ മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ ധാരണയായിരുന്നു.ചില ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടാനാണ് ശനിയാഴ്ച ചേർന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ ധാരണയായത്. കാർഷിക, വ്യവസായ മേഖലയ്ക്ക് ഇപ്പോഴത്തെ നിയന്ത്രണത്തിൽ ചില ഇളവുകൾ നൽകിയേക്കുമെന്നാണ് സൂചനകൾ. 

രാജ്യത്തെ പകുതിയോളം ജില്ലകളിൽ കോവിഡ് ബാധയുണ്ട്. കോവിഡ് ഇല്ലാത്ത ജില്ലകളിൽ നിയന്ത്രിതമായ തോതിൽ യാത്രകളും മറ്റു പ്രവർത്തനങ്ങളും അനുവദിച്ചേക്കും. അതേസമയം, പൊതുഗതാഗതമോ അന്തഃസംസ്ഥാന യാത്രകളോ ഉടൻ പുനരാരംഭിക്കില്ലെന്നാണ് സൂചന.

നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ ആഭ്യന്തരമന്ത്രാലയമിറക്കിയ മാർഗരേഖയിലും മാറ്റം വരുത്തും.കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ മൂന്നായി തിരിച്ചായിരിക്കും ഇളവുകൾ അനുവദിക്കുക. അടച്ചിടലിന് ഇളവുനൽകിയാലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കും. 

ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഇതിനകംതന്നെ അടച്ചിടൽ ഈമാസം 30 വരെ നീട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടച്ചിടൽ തുടരുമെന്ന വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു.