അവശ്യ വസ്തുക്കളുടെ ക്ഷാമമില്ല; സംസ്ഥാനങ്ങള്‍ക്ക് 22 ലക്ഷം മെട്രിക് ടണ്‍ ധാന്യം നല്‍കി: കേന്ദ്ര സർക്കാർ

single-img
14 April 2020

രാജ്യത്ത് അടുത്ത മാസം മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും അവശ്യവസ്‍തുക്കള്‍ക്ക് ക്ഷാമമില്ലന്ന് ആഭ്യന്തര മന്ത്രാലയം. ഇതുവരെ വിവിധ സംസ്ഥാനങ്ങള്‍ക്ക് 22 ലക്ഷം മെട്രിക് ടണ്‍ ധാന്യം നല്‍കിയെന്നും 5.29 കോടി ഗുണഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം ചെയ്‍തെന്നും കേന്ദ്രം വ്യക്തമാക്കി.

അതേപോലെ തന്നെ പരാതി പരിഹാര സെല്ലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൊറോണയിൽ 2.37 ലക്ഷം സാമ്പിള്‍ പരിശോധനകൾ പൂർത്തിയാക്കി. സുരക്ഷയ്ക്കായി 33 ലക്ഷം ആര്‍ടി പിസിആര്‍ പരിശോധന കിറ്റുകൾക്ക് കരാർ നൽകി. 21,635 സാമ്പിൾ ഇന്നലെ മാത്രം പരിശോധിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

വൈറസിന്റെ തീവ്ര ബാധിത മേഖലകൾക്ക് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കാനാണ് തീരുമാനം. നിലവിലെ ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്നുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നാളെ പുറത്തിറക്കും. രോഗ ബാധയുടെ വ്യാപ്‍തിയറിഞ്ഞ് തീവ്രബാധിത മേഖലകളില്‍ ഘട്ടം ഘട്ടമായുള്ള ഇളവായിരിക്കും നല്‍കുക.

പ്രധാനമായും കൊവിഡ് ബാധിത മേഖലകളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിച്ച് ഇളവുകൾ നല്‍കും എന്ന സൂചനയാണ് കേന്ദ്രം നല്‍കുന്നത്. ഇതിൽ തന്നെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന റെഡ് സോണില്‍ മേയ് മൂന്നു വരെ കടുത്ത നിയന്ത്രണം തുടരും.