ലോക്ക് ഡൗണിൽ വലയുന്നവരുടെ വിശപ്പകറ്റി യുവാവ്; ഗ്വാഹട്ടിയിൽ ഭക്ഷണം വിതരണം ചെയ്യുന്നത് 4000 പേർക്ക്

single-img
14 April 2020

ഗ്വാഹട്ടി: ലോക്ക് ഡൗണിൽ വലയുന്ന സാധാരണക്കാർക്ക് സൗജന്യ ഭക്ഷണമെത്തച്ച് മാതൃകയാകുകയാണ് ദ്രുവ് ആര്യയെന്ന 26കാരൻ. ഗ്വാഹട്ടിയിലെ ഒരു ഹോട്ടലുടമയായ ഈ യുവാവിന് സ്വന്തം അമ്മാവനിൽ നിന്നാണ് ഈ ആശയവും ആവശ്യമായ സാനമ്പത്തിക സഹായവും ലഭിച്ചത്. ഇതോടെ മാർച്ച് 26 ന് ദ്രുവിന്റെ നേതൃത്വത്തിൽ ഹെൽപ്പിംഗ് ഹാർട്ട് എന്നപേരിൽ ഒരു സംരംഭം തുടങ്ങി. പിന്നീട് നിരവധിപ്പേരെ കൂട്ടായ്മയുടെ ഭാഗമാക്കി.

ആദ്യം 300 പേർക്കാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തത്. പിന്നീട് അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി. ദ്രുവ് കൂടി അംഗമായ ബിസിനസ് നെറ്റ് വർക് ഇന്റർ നാഷണലിന്റെ ഇടപെടലിലൂടെ എഴുപതോളം ആളുകളിൽ നിന്നായി 12 ലക്ഷം രൂപയോളം സമാഹരിച്ചു. പ്രതിദിനം 4000 ആളുകൾക്ക് ഭക്ഷണം നൽകുകയാണ് ഇപ്പോൾ.

ഗ്വാഹട്ടിയിൽ ഭക്ഷണം വിതരണം ചെയ്യേണ്ട സ്ഥലങ്ങളുടെ മാപ്പ് തയ്യാറാക്കി പൊലീസിൽ നിന്ന് അനുവാദം വാങ്ങി. ദ്രുവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഹോട്ടലിൽ പാചകം ചെയ്യുന്ന തൊഴിലാളികൾക്ക് മാസ്കും, ഗ്ലൗസും, സാനിറ്റൈസറും ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആദ്യമെല്ലാം ഭക്ഷണം വാങ്ങാനെത്തുന്നവരുടെ തിരക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ പൊലീസിന്റെ സഹകരണത്തോടെ ഇപ്പോൾ സാമൂഹിക അകലം പാലിച്ച് തന്നെ മുന്നോട്ടുപോകാൻ സാധിക്കുന്നു. എത്രകാലം ഇങ്ങനെ ചെയ്യാൻ പറ്റുമെന്ന് അറിയില്ല എന്നാൽ പറ്റുന്ന അത്രയും നാൾ ഇത് തുടരുമെന്നാണ് ദ്രുവ് പറയുന്നത്. ഈ സേവനത്തിൽ പങ്കാളികളാകാൻ മറ്റു ഹോട്ടലുടമകളേയും തൊഴിലാളികളേയും ക്ഷണിക്കുകയും ചെയ്യുന്നുണ്ട് ഈ യുവാവ്.