കൊറോണക്കാലത്ത് പുറത്തിറങ്ങിയാൽ പ്രേതം പിടിക്കും ; സാമൂഹിക അകലം പാലിക്കാത്തവരെ പേടിപ്പിക്കാന്‍ പ്രേതങ്ങളെ തെരുവിലിറക്കി ഒരു ഗ്രാമം

single-img
14 April 2020

ജക്കാർത്ത: കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടും ലോക്​ഡൗൺ പ്രഖ്യാപിക്കാത്ത ഇന്തോനേഷ്യയിൽ ആളുകൾ പുറത്തിറങ്ങാതിരിക്കാൻ ഒരു ഗ്രാമം വേറിട്ട വഴിയാണ്​ പരീക്ഷിക്കുന്നത്​. ‘പ്രേതങ്ങളെ’ തന്നെ രംഗത്തിറക്കിയാണ്​ യുവാക്കളുടെ കൂട്ടായ്​മയും പൊലീസും ചേർന്ന്​ ഇവിടെ കോവിഡ്​ പ്രതിരോധം തീർക്കുന്നത്​. ക്വാറന്റൈന്‍ കാലത്ത് സാമൂഹിക അകലം പാലിക്കാതെ പുറത്തിറങ്ങുന്നയാളുകളെ പേടിപ്പിക്കാനാണ് പ്രേതരൂപങ്ങളെ തന്നെ പുറത്തിറക്കിയത്. ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ കെപു ഗ്രാമത്തിലാണ് ജനങ്ങളുടെ ക്വാറന്റൈന്‍ ജീവിതം ഉറപ്പു വരുത്താന്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് ഇത്തരമൊരു രീതി അവലംബിക്കുന്നത്.

ഇ​േന്ത്യാനേഷ്യൻ നാടോടി കഥകളിലെ ‘പോകോങ്​’ പ്രേതങ്ങളാണ്​ തെരുവിൽ രാത്രി കാവൽ ഏറ്റെടുത്തിരിക്കുന്നത്​. വെറുതെ തെരുവിൽ അലയാൻ ഇറങ്ങിയാൽ ഏത്​ നിമിഷവും ഇത്തരമൊരു പ്രേതം മുന്നിലേക്ക്​ ചാടി വീഴാം. ആദ്യഘട്ടത്തിൽ ​‘പോകോങ്​’ പ്രേതങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെ അവയെ കാണാൻ ആളുകൾ ഇറങ്ങുന്ന അവസ്​ഥയായിരുന്നു. പ്രേതപരിപാടിയുടെ സംഘാടകർ അപ്പോൾ രീതിയൊന്ന്​ മാറ്റി. അപ്രതീക്ഷിതമായി മുന്നിലേക്ക്​ ചാടിവീഴുന്ന പ്രേതങ്ങൾ പിന്നീട് ആളുകളെ ശരിക്കും പേടിപ്പിക്കാൻ തുടങ്ങി. പ്രേതപരിപാടി പിന്നീട്​ ശരിക്കും ഏശിയെന്നും നേരം ഇരുട്ടിയാൽ ആളുകൾ പുറത്തിറങ്ങുന്നത്​ വളരെയധികം കുറഞ്ഞുവെന്നും റോയി​േട്ടർസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

“ജനങ്ങള്‍ കൊവിഡിനെ കുറിച്ച് തീരെ ബോധവാന്‍മാരല്ല. അവര്‍ക്ക് തീരെ ജാഗ്രതയില്ല. അതിനാല്‍ വീട്ടിലിരിക്കണമെന്ന നിര്‍ദേശത്തെ തീരെ ഗൗരവമായെടുക്കുന്നില്ല അവര്‍”, കെപു ഗ്രാമത്തലവന്‍ പറയുന്നു. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ ഇതുവരെ രാജ്യത്ത് ലോക്കഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കു പ്രകാരം ഇന്തോനേഷ്യയില്‍ ഇതുവരെ 4500 കേസുകളാണ് സ്ഥിരീകരിച്ചത്. 400 പേര്‍ മരിച്ചു. എന്നാല്‍ ഇതിനേക്കാളും എത്രയോ വലുതാണ് ഇവിടുത്തെ കണക്കുകള്‍ എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.