ധോണിയെ ഇനി ടീമിലെടുക്കേണ്ടത് എന്തിന്റെ അടിസ്ഥാനത്തിലാണ്; ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല : കലിപ്പ് തീരാതെ ഗംഭീര്‍

single-img
14 April 2020

ഡല്‍ഹി: ട്വന്റി – ട്വന്റി ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ സാന്നിധ്യമുറപ്പിക്കാനുള്ള മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന പ്രതീക്ഷയായിരുന്നു ഐപിഎൽ. എന്നാൽ ഈ വര്‍ഷത്തെ ഐ.പി.എല്‍ നടന്നില്ലെങ്കില്‍ എം.എസ് ധോണി ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനുള്ള സാധ്യത തീരേ കുറവാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ലോക്‌സഭാ എം.പിയുമായ ഗൗതം ഗംഭീര്‍. ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്ന ധോനിയെ ഇനി എന്ത് അടിസ്ഥാനത്തിലാണ് ദേശീയ ടീമിലേക്ക് തിരികെവിളിക്കുകയെന്നും ഗംഭീര്‍ ചോദിച്ചു. സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് കണക്ട് എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പില്‍ കിവീസിനോട് സെമിയില്‍ തോറ്റ് ടീം പുറത്തായ ശേഷം ധോനി പിന്നീട് ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കെ.എല്‍ രാഹുലുമായി മുന്നോട്ടുപോകുന്നതാണ് കൂടുതല്‍ ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ധോനിക്ക് ഏറ്റവും യോജിച്ച പകരക്കാരന്‍ കെ.എല്‍ രാഹുലാണ്. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ വിക്കറ്റ്കീപ്പിങ്ങിലേക്ക് എത്തിയതുമുതല്‍ അദ്ദേഹത്തിന്റെ ബാറ്റിങ്ങും കീപ്പിങ്ങും ശ്രദ്ധിക്കാറുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. വിക്കറ്റ് കീപ്പിങ്ങില്‍ ധോനിയുടെ അത്ര മികവിലേക്ക് രാഹുല്‍ എത്തിയിട്ടില്ല. എങ്കിലും ട്വന്റി 20 ക്രിക്കറ്റിന്റെ രീതിയനുസരിച്ച് ഏതു സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് രാഹുലെന്നും ഗംഭീര്‍ വ്യക്തമാക്കി.

നേരത്തെ സമാന അഭിപ്രായവുമായി വിരേന്ദർ സെവാഗും രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കെ.എല്‍ രാഹുലും ഋഷഭ് പന്തും ഫോമിലുള്ളപ്പോള്‍ ധോണിയെ ഇനി എവിടെ ഉള്‍ക്കൊള്ളിക്കാനാകുമെന്നായിരുന്നു സെവാഗ് ചോദിച്ചത് . കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രാഹുല്‍ ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ ധോനിക്ക് ഇനിയൊരു മടങ്ങിവരവ് സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടിയിരുന്നു .