കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് ‘ഫുൾ മാർ‌‌‌‌‌‌‌‌‌ക്ക്’ എന്ന് ബിജെപി; തെറ്റിദ്ധാരണ പരത്തുന്നത് തിരുത്തി ഓക്സ്ഫഡ് സർവകലാശാല

single-img
14 April 2020

ഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് ‘ഫുൾ മാർ‌‌‌‌‌‌‌‌‌ക്ക്’ എന്ന് പ്രചരിപ്പിച്ച ബിജെപി നടപടിയെ തിരുത്തി ഓക്സ്ഫഡ് സർവകലാശാല. കോവിഡ് പ്രതിരോധിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ഏർപ്പെടുത്തിയ നടപടികൾ സൂചിപ്പിക്കുന്ന സൂചികയിൽ ഇന്ത്യയ്ക്ക് നൂറിൽ നൂറു മാർക്കെന്നാണ് ബിജെപി അവകശപ്പെട്ടത്. എന്നാൽ ബിജെപിയെ തിരുത്തി ഓക്സ്ഫഡ് സർവകലാശാലയ്ക്കു കീഴിലുള്ള ബ്ലാവത്നിക് സ്കൂൾ ഓഫ് ഗവൺമെന്റ് രംഗത്തെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ സൂചികയുടെ ഇൻഫോഗ്രഫിക്സ് പങ്കവച്ചുകൊണ്ടായിരുന്നു ബിജെപിയുടെ പ്രസ്താവന.

ഫലപ്രദമായി ലോക്ഡൗൺ നടപ്പിലാക്കുന്നതിൽ മോദി സർക്കാർ നൽകുന്ന പ്രധാന്യം ഈ ‘ഫുൾ മാർക്ക്’ അടിവരയിടുന്നെന്നും ബിജെപി ട്വിറ്ററിൽ കുറിച്ചു. എന്നാൽ സർക്കാർ നടപടികളുടെ കര്‍ക്കശത്വം മാത്രം സൂചിപ്പിക്കുന്ന തങ്ങളുടെ സൂചിക അതിന്റെ ഔചിത്യവും ഫലപ്രാപ്തിയും അളക്കുന്നതിനായി ഉപയോഗിക്കരുതെന്നും അത്തരം ‘മാർ‌ക്കുകൾ‌’ ഇല്ലെന്നും ബിജെപി ട്വീറ്റിനു മറുപടി നൽകിയ ബ്ലാവത്നിക് സ്കൂൾ ഓഫ് ഗവൺമെന്റ് തിങ്കളാഴ്ച ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ മാസം 25നാണ് ഓക്സ്ഫഡ് സർവകലാശാലയ്ക്കു കീഴിലുള്ള ബ്ലാവത്നിക് സ്കൂൾ ഓഫ് ഗവൺമെന്റ് ‘കോവിഡ് 19 ഗവൺമെന്റ് റെസ്പോൺസ് ട്രാക്കർ’ എന്ന സൂചിക അവതരിപ്പിച്ചത്. വിവിധ സർക്കാരുകൾ ഏർപ്പെടുത്തിയ പ്രതിരോധ നടപടികൾക്ക് ലോകമെമ്പാടുമുള്ള ആളുകൾ നൽകുന്ന പ്രതികരണം അനുസരിച്ച് മാർക്ക് നൽകുകയാണ് ചെയ്യുന്നത്. ഒരു മഹാമാരി വിവിധ സർക്കാരുകളും ജനങ്ങളും എങ്ങനെ കൈകാര്യം ചെയ്തെന്ന് അറിയുന്നതിനു വേണ്ടിയാണ് സൂചിക.