സുരക്ഷാ മതിലുകൾ ഭേദിച്ച് കൊറോണ ഗൾഫിൽ പടരുന്നു; ഒമാനിൽ സമൂഹവ്യാപന ഭീഷണി: ആശങ്കയിൽ പ്രവാസികൾ

single-img
14 April 2020

പ്രവാസികളുടെ മനസ്സിൽ തീകോരിയിട്ട് കോവിഡ് രോഗബാധ ഗള്‍ഫ് രാജ്യങ്ങളിലും വ്യാപിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം  പതിനയ്യായിരം കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. 24 മണിക്കൂറിനിടെ പത്തുപേരാണ് മരിച്ചത്.

 സൗദി അറേബ്യയില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 4934 ആയി. ആറുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണ സംഖ്യ 65 ആയി ഉയര്‍ന്നു.

അതേസമയം യുഎഇയില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. 398 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 4521 ആയി ഉയർന്നുകഴിഞ്ഞു. 

ഖത്തറില്‍ 252 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3231 ആയി. 334 പേര്‍ രോഗമുക്തരായി.

കുവൈറ്റില്‍ രോഗം ബാധിച്ച് 50 വയസ്സുകാരന്‍ മരിച്ചു. ഇതോടെ മരണം രണ്ടായി. കുവൈറ്റില്‍ 66 പേര്‍ക്ക് പുതുതായി വൈറസ് ബാധ കണ്ടെത്തി. ഇതില്‍ 56 പേര്‍ ഇന്ത്യക്കാരാണെന്നുള്ളത് ഗൗരവകരമായ സാഹചര്യമാണ്.  കുവൈറ്റില്‍ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 724 ആയി ഉയർന്നിട്ടുണ്ട്. കുവൈറ്റില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജലീബ് അല്‍ ശുയൂഖില്‍ മൂന്നു താത്കാലിക ആശുപത്രികള്‍ ഒരുങ്ങുന്നതായി അധികൃതര്‍ അറിയിച്ചു. 

സമൂഹവ്യാപന ഭീഷണി തുടരുന്ന ഒമാനില്‍ 727 പേരാണ് രോഗബാധിതര്‍. 124 പേര്‍ രോഗമുക്തി നേടി. 1348 പേരുടെ രോഗം സ്ഥിരീകരിച്ച ബഹ്‌റൈനില്‍ 591 പേര്‍ സുഖം പ്രാപിച്ചുവെന്നാണ് വിവരം.