നിശബ്ദമായി വെെറസ് സമൂഹത്തിൽ പടരാം: രണ്ടാം ഘട്ടത്തെ കരുതിയിരിക്കാൻ കേരളത്തിന് മുന്നറിയിപ്പ്

single-img
14 April 2020

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകത്തിനു മാതൃകയായി കേരളത്തിൻ്റെ മുന്നേറ്റം തുടരുകയാണ്. എന്നാൽ ആദ്യഘട്ടത്തില്‍ കേരളം ഏറെ മുന്നേറിയെങ്കിലും രോഗത്തിൻ്റെ രണ്ടാംഘട്ടത്തെ കരുതിയിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ചൈനയിലും സിംഗപ്പൂരിലും ജപ്പാനിലും രോഗത്തിന്റെ രണ്ടാം വ്യാപനം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ രോഗത്തിന്റെ രണ്ടാംഘട്ടത്തിനെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

ഇത്തരം പകര്‍ച്ചവ്യാധികളുടെ പൊതുവായ സവിശേഷതയാണ് രണ്ടാം വ്യാപനവും ചിലപ്പോള്‍ മൂന്നാം വ്യാപനവുമുണ്ടാകാമെന്നത്. നിശ്ശബ്ദമായി വൈറസ് സമൂഹത്തില്‍ പടരാമെന്നും സമൂഹത്തില്‍ വലിയൊരു ശതമാനമാളുകളും വൈറസിനെതിരേ പ്രതിരോധശേഷി നേടിയാല്‍ രോഗാണുവിനോടുള്ള വിധേയത്വം കുറയുമെന്നും അവർ മുന്നറിയിപ്പു തരുന്നു. 

”വൈറസ് ലോകമാകെ വ്യാപിച്ചതാണ്. വിദേശത്തുനിന്ന് രോഗബാധിതര്‍ ഇനിയുമെത്താം. അയല്‍സംസ്ഥാനങ്ങളില്‍നിന്നും ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗബാധിതരില്‍നിന്നും വൈറസ് വീണ്ടും വ്യാപിക്കാം.”- കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.

പല പകര്‍ച്ചവ്യാധികളുടെയും കാര്യത്തില്‍ സമൂഹത്തില്‍ 50 ശതമാനത്തിലധികം ആളുകള്‍ പ്രതിരോധശേഷി നേടിയാല്‍ വൈറസ് വ്യാപനം നിലയ്ക്കാറുണ്ട്. എന്നാല്‍, കൊറോണയുടെ കാര്യത്തില്‍ സമൂഹത്തില്‍ പ്രതിരോധശേഷി ഇത്തരത്തില്‍ വികസിക്കുന്നില്ലേ എന്നൊരു സംശയം നിലനില്‍ക്കുന്നുണ്ട്. ചൈനയിലെ വുഹാനിലെ അനുഭവമാണ് ഇത്തരമൊരു സംശയമുയര്‍ത്തുന്നതെന്നും അഷീൽ വ്യക്തമാക്കുന്നു. 

രോഗം വന്നാലും ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നതോ തീരെ ലക്ഷണമില്ലാത്തതോ ആയ ഒട്ടേറെയാളുകള്‍ എല്ലാ സമൂഹത്തിലുമുണ്ടാകും. രോഗിയായില്ലെങ്കിലും ഇവരില്‍നിന്നും വൈറസ് മറ്റുള്ളവരിലേക്ക് എത്തിച്ചേരാം. അത്തരമാളുകളില്‍നിന്നും വൈറസ് ബാധയുണ്ടാകുന്നവര്‍ രോഗികളുമാകാം. വൈറസ്ബാധയുണ്ടായിട്ടും ലക്ഷണങ്ങള്‍ പ്രകടമാവാത്തവര്‍ നമ്മുടെ സമൂഹത്തിലുമുണ്ടാകാം എന്ന അനുമാനത്തില്‍ത്തന്നെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.