അലംഭാവം കാണിക്കാനുമുള്ള സമയമല്ലിത്, കേരളത്തിൽ രണ്ടാം വ്യാപനം കരുതിയിരിക്കണം; നിശ്ശബ്ദമായി വൈറസ് സമൂഹത്തിൽ പടരാം

single-img
14 April 2020

തിരുവനന്തപുരം : കോവിഡ് എന്ന മഹാമാരിയെ കേരളം ഏറെക്കുറെ തളച്ചിരിക്കുന്നു.എങ്ങുനിന്നും പ്രതീക്ഷ പകരുന്ന വാർത്തകൾ മാത്രം. ഓരോ ദിവസവും രോഗം സ്ഥിതീകരിക്കുന്നവർ വളരെ താഴന്ന നിലയിലേക്കെത്തി. പുതുതായി രോഗം സംശയിക്കുന്നവരും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും കുറവ്. ഇതെല്ലാമാണെങ്കിലും കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഏറെ മുന്നേറിയെങ്കിലും പോരാട്ടം അവസാനിക്കുന്നില്ല. പകർച്ചവ്യാധിയുടെ രണ്ടാം വ്യാപനം (സെക്കൻഡ് വേവ്) മുന്നിൽക്കാണണം. ആദ്യഘട്ടത്തിൽ നമ്മൾ ജയിച്ചുനിൽക്കുകയാണ്. ഈ വിജയം സമ്പൂർണമാകണമെങ്കിൽ അതിജാഗ്രത തുടരണം.

രണ്ടാം വ്യാപനവും ചിലപ്പോൾ മൂന്നാം വ്യാപനവുമുണ്ടാകാമെന്നത് ഇത്തരം പകർച്ചവ്യാധികളുടെ സവിശേഷതയാണ്. നിശ്ശബ്ദമായി വൈറസ് സമൂഹത്തിൽ പടരാം. ചൈനയിലും സിങ്കപ്പൂരിലും ജപ്പാനിലുമൊക്കെ രോഗത്തിന്റെ രണ്ടാം വ്യാപനം കണ്ടുതുടങ്ങിയിട്ടുണ്ട്.

സമൂഹത്തിൽ വലിയൊരു ശതമാനമാളുകളും വൈറസിനെതിരേ പ്രതിരോധശേഷി നേടിയാൽ രോഗാണുവിനോടുള്ള വിധേയത്വം കുറയും. രോഗപ്പകർച്ചയുടെ കണ്ണി മുറിയും. കേരളസമൂഹം നിലവിൽ അത്തരം പ്രതിരോധശേഷി നേടിയിട്ടില്ല. പല ഇൻഫ്‌ളുവൻസകളുടെ കാര്യത്തിലും സമൂഹത്തിൽ 50 ശതമാനത്തിലധികമാളുകൾ പ്രതിരോധശേഷി നേടിയാൽ വൈറസ് വ്യാപനം നിലയ്ക്കാറുണ്ട്. എന്നാൽ, കൊറോണയുടെ കാര്യത്തിൽ സമൂഹത്തിൽ പ്രതിരോധശേഷി ഇത്തരത്തിൽ വികസിക്കുന്നില്ലേ എന്നൊരു സംശയംകൂടിയുണ്ട്. ചൈനയിലെ വുഹാനിലെ അനുഭവമാണ് ഇത്തരമൊരു സംശയമുയർത്തുന്നത്.

രണ്ടാംവ്യാപനം എന്നത് രണ്ടുവിധത്തിൽ സംഭവിക്കാം. കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. മുഹമ്മ് അഷീൽ പറയുന്നു: ‘‘വൈറസ് ലോകമാകെ വ്യാപിച്ചതാണ്. വിദേശത്തുനിന്ന് രോഗബാധിതർ ഇനിയുമെത്താം. അയൽസംസ്ഥാനങ്ങളിൽനിന്നും ലക്ഷണങ്ങൾ കാണിക്കാത്ത രോഗബാധിതരിൽനിന്നും വൈറസ് വീണ്ടും വ്യാപിക്കാം.’’

കേരളത്തിന്റെ ചുറ്റുവട്ടത്തുള്ള സംസ്ഥാനങ്ങളിൽ രോഗം സജീവമായി നിലനിൽക്കുന്നു. പുതിയ കേസുകൾ റിപ്പോർട്ടുചെയ്തുകൊണ്ടിരിക്കുന്നു. തമിഴ്‌നാട്ടിൽ 97 ശതമാനവും പുതുതായി രോഗം കണ്ടെത്തിയവരാണ്. തൊട്ടടുത്ത സംസ്ഥാനത്ത് പകർച്ചവ്യാധി സജീവമായി നിൽക്കുമ്പോൾ രോഗം മറ്റിടത്തേക്കു പടരാൻ സാധ്യത കൂടുതലാണ്. രാജ്യത്ത് മറ്റുപല സംസ്ഥാനങ്ങളിലും പുതിയ കേസുകൾ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇവിടെനിന്നൊക്കെ രോഗബാധിതർ കേരളത്തിലേക്കെത്താം. വീണ്ടും രോഗവ്യാപനമുണ്ടാകാം.

രോഗം വന്നാലും ചെറിയ ലക്ഷണങ്ങൾ കാണിക്കുന്നതോ തീരെ ലക്ഷണമില്ലാത്തതോ ആയ ഒട്ടേറെയാളുകൾ എല്ലാ സമൂഹത്തിലുമുണ്ടാകും. രോഗിയായില്ലെങ്കിലും ഇവരിൽനിന്നും വൈറസ് മറ്റുള്ളവരിലേക്ക് എത്തിച്ചേരാം. അത്തരമാളുകളിൽനിന്നും വൈറസ് ബാധയുണ്ടാകുന്നവർ രോഗികളുമാകാം. വൈറസ്ബാധയുണ്ടായിട്ടും ലക്ഷണങ്ങൾ പ്രകടമാവാത്തവർ നമ്മുടെ സമൂഹത്തിലുമുണ്ടാകാം എന്ന അനുമാനത്തിൽത്തന്നെ മുന്നോട്ടുപോകേണ്ടതുണ്ട്.

‘‘കേരളത്തിൽ വൈറസ് വ്യാപനം കുറയുന്നു, അതുകൊണ്ട് ഇനി പുറത്തിറങ്ങാം എന്നു കരുതാനും അലംഭാവം കാണിക്കാനുമുള്ള സമയമല്ലിത്. കൂടുതൽ കരുതലോടെ പ്രവർത്തിക്കേണ്ട സമയമാണ്. അതിസൂക്ഷ്മതയോടെ നിരീക്ഷണം തുടരണമെന്നതും പൊതുസമൂഹം നിയന്ത്രണങ്ങൾ പാലിക്കണമെന്നതും പ്രധാനമാണ്’’ -ഡോ. അഷീൽ പറഞ്ഞു.