ലോക്ക്ഡൗണില്‍ മാലിന്യത്തിന്റെ അളവ് കുറഞ്ഞു; ഗംഗാനദിയിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്ന് നിരീക്ഷണം

single-img
13 April 2020

ഹൃഷികേശിലും ഹരിദ്വാറിലും ഗംഗാ നദിയിലെ ജലം മനുഷ്യർക്ക് കുടിവെള്ളമായി ഉപയോഗിക്കാവുന്ന തലത്തിലേക്ക് ഉയര്‍ന്നുവെന്ന്നിരീക്ഷണം. സംസ്ഥാനത്തെ ഗുരുകുല്‍ കംഗ്രി സര്‍വ്വകലാശാലയിലെ മുന്‍ പ്രൊഫസറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ബി ഡി ജോഷിയുടേതാണ് നിരീക്ഷണം. ദീർഘനാളുകള്‍ക്ക് ശേഷമാണ് ഗംഗാജലം ഇത്തരത്തില്‍ മാലിന്യമുക്തമാകുന്നതെന്ന് അദ്ദേഹം വിശദമാക്കുന്നു. വിവിധ
വ്യവസായ ശാലകളില്‍ നിന്നും മറ്റുമുള്ള അഴുക്കുവെള്ളം എത്തുന്നതി മൂലം വന്‍തോതിലാണ് ഗംഗാനദിയിലെ വെള്ളത്തില്‍ മാലിന്യം കലര്‍ന്നത്.

എന്നാല്‍ സമീപ കാലത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇത്തരത്തിൽ വ്യവസായ ശാലകളിലെ മാലിന്യം, ഹോട്ടലുകളില്‍ നിന്നും ലോഡ്ജുകളില്‍ നിന്നുമുള്ള അഴുക്കുവെള്ളം ഇവയെല്ലാം നദിയിലേക്ക് ഒഴുകി വരുന്നതില്‍ 500 ശതമാനം കുറവുണ്ടായിയെന്നാണ് ബി ഡി ജോഷി വിശദമാക്കുന്നത്. സമാനമായി, ഗംഗാ ജലത്തില്‍ ദൃശ്യമായ രീതിയില്‍ മാറ്റമുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ സയന്റിഫിക് ഓഫീസര്‍ എസ് എസ് പാല്‍ നേരത്തെ വിശദമാക്കിയിരുന്നു.

ഇപ്പോൾ കാണപ്പെടുന്ന അവസ്ഥയിൽ കുളിക്കാനും കുടിക്കാനും ഗംഗയിലെ ജലം ഉപയോഗിക്കാമെന്നും ഇദ്ദേഹവും സാക്ഷ്യപ്പെടുത്തുന്നു. തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവും മാലിന്യം നദിയിലേക്കെത്തുന്നതില്‍ കുറവ് വരാന്‍ ഘടകമായെന്നാണ് എസ് എസ് പാല്‍ അഭിപ്രായപ്പെടുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ അന്തരീക്ഷ മലിനീകരണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.