വിശന്നു കരയുന്ന മക്കളുടെ നിലവിളി കേൾക്കാൻ വയ്യ! ; യു.പി.യിൽ അഞ്ചുകുട്ടികളെ അമ്മ നദിയിലെറിഞ്ഞു കൊന്നു

single-img
13 April 2020

ഭദോഹി (യു.പി.): ഭദോഹി ജില്ലയിലെ ജഹാംഗീറാബാദിൽ തൊഴിലാളിസ്ത്രീ തന്റെ അഞ്ച് കുഞ്ഞുങ്ങളെ ഗംഗാനദിയിലെറിഞ്ഞു. ഞായറാഴ്ചയാണു സംഭവം. പന്ത്രണ്ടും പത്തും വയസ്സുള്ള രണ്ടു പെൺകുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.ദിവസക്കൂലിയിൽ കഴിഞ്ഞിരുന്ന കുടുംബം അടച്ചിടലിനുശേഷം വരുമാനം നിലച്ച് പട്ടിണിയിലായതായി നാട്ടുകാർ പറഞ്ഞു. മഞ്ജുയാദവ് എന്നസ്ത്രീയാണ് കടുംകൈക്ക് മുതിർന്നത്. ഇവരെ പോലീസ് അറസ്റ്റുചെയ്തു.

ഞായറാഴ്ച ജഹാംഗിർബാദിലായിരുന്നു നാടിനെ നടുക്കിയ സംഭവം. മൃദുൽ യാദവിന്റെ ഭാര്യ മഞ്ജു യാദവ് ആണ് ജഹാംഗിർബാദ്ഘട്ടിലെ ആഴമേറിയ ഭാഗത്ത് കുട്ടികളെ എറിഞ്ഞ ശേഷം നദിയിൽ ചാടിയത്. പിന്നീട് നീന്തി കര കയറിയ ഇവർ പറഞ്ഞാണ് സംഭവം നാട്ടുകാർ അറിയുന്നത്.മൂന്നും ആറും എട്ടും പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് നദിയിലെറിഞ്ഞത്. ലോക്ഡൗൺ കാരണം ഭക്ഷണം ലഭിക്കാത്തതിനെ തുടർന്നാണ് യുവതി അഞ്ച് മക്കളെ ഗംഗയിൽ എറിഞ്ഞതെന്ന് വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. ദിവസക്കൂലിക്ക് തൊഴിൽ ചെയ്തിരുന്ന ഇവർക്ക് ലോക്ഡൗൺ മുതൽ പണി ഇല്ലെന്നും രണ്ട് മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞിരുന്നെന്നുമാണ് അയൽവാസികളെ ഉദ്ധരിച്ച് ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ കുടുംബവഴക്ക് മൂലമാണ് ഇവർ കുട്ടികളെ നദിയിലെറിഞ്ഞതെന്ന് ജില്ല മജിസ്ട്രേറ്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇക്കാര്യം നിഷേധിച്ച ഭർത്താവ് മഞ്ജു എന്തിനാണിത് ചെയ്തതെന്ന് അറിയില്ലെന്ന് വ്യക്തമാക്കി.