അംബേദ്കര്‍ ജയന്തിയിൽ വിഭാഗീയതയില്ലാതെ സാമൂഹ്യ ഐക്യത്തെ ശക്തിപ്പെടുത്താൻ പ്രതിജ്ഞയുമായി ഇടത് പാർട്ടികൾ

single-img
13 April 2020

രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വിഭാഗീയതയില്ലാതെ സാമൂഹ്യ ഐക്യത്തെ ശക്തിപ്പെടുത്തുവാനും വേണ്ടി നാളെ അംബേദ്കര്‍ ജയന്തി ദിനത്തിൽഅഞ്ച് മണിക്ക് പ്രതിജ്ഞയെടുക്കുമെന്ന് ഇടതുപാർട്ടികൾ. സിപിഎം, സിപിഐ, സിപിഐ എംഎല്‍ ലിബറേഷന്‍, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ ഇടതുകക്ഷികളാണ് സംയുക്ത പ്രസ്താവനയിലൂടെ ഈ വിവരം അറിയിച്ചത്.

എല്ലാരീതിയിലും സാമൂഹ്യമായ ഐക്യദ്ധാര്‍ഡ്യത്തോടെ, ശാരീരികമായി മാത്രം അകലം പാലിച്ചു കൊണ്ട്, സാമൂഹ്യമായ അകലം പാലിക്കാതെ ഇന്ത്യയിലെ ജനങ്ങള്‍ നാളെ പ്രതിജ്ഞ ചൊല്ലണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേപോലെ ലോക്ഡൗണില്‍ ദുരിതം അനുഭവിക്കുന്ന അര്‍ഹരായവര്‍ക്ക് അടിയന്തിരമായി ധനസഹായവും ഭക്ഷണവും നല്‍കാന്‍ പ്രതിജ്ഞയിലൂടെ ആവശ്യപ്പെടണമെന്നും സീതാറാം യെച്ചൂരി, ഡി രാജ, ദീപാങ്കര്‍ ഭട്ടാചാര്യ, ദേബബ്രത ബിശ്വാസ്, മനോജ് ഭട്ടാചാര്യ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നമ്മുടെ സമൂഹത്തിൽ മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പരിമിതിയുടെയോ തരംതിരിവ് ഇല്ലാതെ സാമൂഹ്യ ഐക്യത്തെ ശക്തിപ്പെടുത്തും എന്ന് പ്രതിജ്ഞയെടുക്കണം. കൊറോണ പശ്ചാത്തലത്തിൽ ലോക്ഡൗണില്‍ ദുരിതത്തിലായ മനുഷ്യരെ സഹായിക്കുന്നതിന് ജനങ്ങള്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കണമെന്നും ഇടത് പാർട്ടികൾ ആവശ്യപ്പെട്ടു.