കേരളം ഒരത്ഭുതമാണ്, ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കും നോക്കിപഠിക്കേണ്ട പാഠം: വാഷിങ്‌ടണ്‍ പോസ്‌റ്റിലെ വാര്‍ത്തയുടെ മലയാള പരിഭാഷ

single-img
12 April 2020

മണിക്കൂറുകളോളം, ആരോഗ്യ പ്രവര്‍ത്തക ഷീബ ചോദ്യങ്ങളുടെ ഒരു പട്ടിക പരിശോധിച്ചുകൊണ്ടേ ഇരുന്നു: നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട്‌? നിങ്ങളുടെ മാനസികാവസ്‌ഥ എങ്ങനെ? നിങ്ങളുടെ ഭക്ഷ്യ ശേഖരം തീരുന്നുണ്ടോ? ഉച്ചകഴിഞ്ഞപ്പോഴേക്കും കോവിഡ്‌ വൈറസ്‌ ക്വാറന്റീനിലുള്ള 50 പേരുടെ വിവരം അവര്‍ പരിശോധിച്ചു കഴിഞ്ഞു. ഏതാനും ആഴ്‌ചകള്‍ക്കു മുന്‍പ്‌ അത്‌ 200 ആയിരുന്നു.

കേരളത്തിലെ മുപ്പതിനായിരത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ്‌ ടി.എം. ഷീബ. വ്യാപകമായ പരിശോധന, കോണ്ടാക്‌ട്‌ പരിശോധന, ദൈര്‍ഘ്യമേറിയ ക്വാറൈന്റന്‍, അപ്രതീക്ഷിതമായി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്‌ ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്കായി ആയിരക്കണക്കിന്‌ താമസസൗകര്യങ്ങള്‍, അവര്‍ക്ക്‌ ഭക്ഷണ വിതരണം എന്നിങ്ങനെ പോകുന്നു കമ്യൂണിസ്‌റ്റ്‌ സര്‍ക്കാരിന്റെ കോവിഡ്‌ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍.

ഈ ശ്രമങ്ങള്‍ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ജനുവരി അവസാനം, കൊറോണാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ആദ്യ സംസ്‌ഥാനമാണ്‌ കേരളമെങ്കിലും ഏപ്രില്‍ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം മുന്‍വാരത്തേക്കാള്‍ 30 ശതമാനം കുറഞ്ഞു. രണ്ടു മരണം മാത്രമേയുള്ളൂ എന്നതിനൊപ്പം, സംസ്‌ഥാനത്തെ പോസിറ്റീവ്‌ രോഗികളില്‍ 34 ശതമാനവും രോഗമുക്‌തരായിക്കഴിഞ്ഞു; ഇന്ത്യയിലെ മറ്റെവിടത്തേക്കാളും മെച്ചപ്പെട്ട നിരക്കാണിത്‌.

കേരളത്തിന്റെ വിജയം ഇന്ത്യന്‍ സര്‍ക്കാരിന്‌ പാഠമാകേണ്ടതാണ്‌. വൈറസ്‌ ബാധ തടയാന്‍ രാജ്യം മുഴുവന്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും രോഗബാധ അനുസ്യൂതം തുടരുകയാണ്‌. ഇന്ത്യയിലെ ഉയര്‍ന്ന ജനസാന്ദ്രതയും ആരോഗ്യ പരിചരണത്തിന്‌ ആവശ്യമായ സൗകര്യമില്ലാത്തതും തടസമാണെങ്കിലും നേരത്തേ കണ്ടുപിടിക്കാനുള്ള നീക്കങ്ങളും സാമൂഹ്യ സുരക്ഷാ നടപടികളും കേരളത്തില്‍ നിന്നു മാതൃകയായി സ്വീകരിക്കാവുന്നതാണെന്ന്‌ വിദ്‌ഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

“നല്ലതു പ്രതീക്ഷിച്ചുകൊണ്ട്‌, ഏറ്റവും മോശപ്പെട്ട സാഹചര്യത്തെ നേരിടാനുള്ള ആസൂത്രണമാണ്‌ ഞങ്ങള്‍ നടത്തിയത്‌” പകര്‍ച്ചവ്യാധി ഇനിയും കേരളത്തില്‍ ഒഴിവായിട്ടില്ലെന്നു സൂചിപ്പിച്ചുകൊണ്ട്‌ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറയുന്നു. ” രോഗബാധ കുറഞ്ഞിട്ടുണ്ടെങ്കിലും അടുത്തയാഴ്‌ച എന്തു സംഭവിക്കുമെന്ന്‌ നമുക്ക്‌ ഇനിയും പ്രവചിക്കാനാവില്ല.”

അടിയന്തര സാഹചര്യത്തെ നേരിടാനായി കേരളത്തിനുള്ള അനുഭവസമ്പത്തും ഒരുക്കവുമാണ്‌ രോഗത്തോടുള്ള അതിവേഗ പ്രതികരണത്തിനു പിന്നിലെന്ന്‌ ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഹെന്‍ക്‌ ബെകെഡം ചൂണ്ടിക്കാട്ടുന്നു.

ഈ സംസ്‌ഥാനം വിനാശകരമായ വെല്ലുവിളി നേരിടുന്നുണ്ടായിരുന്നു: ആനുപതികമല്ലാത്ത തരത്തില്‍ വിദേശത്തു നിന്നുള്ളവരുടെ വരവാണ്‌ അത്‌. ശാന്തമായ കായലോരങ്ങളും ചികിത്സാ സൗകര്യമുള്ള റിസോര്‍ട്ടുകളുമൊക്കെയുള്ള ഈ തീരദേശ സംസ്‌ഥാനത്തേക്ക്‌ ഒരുവര്‍ഷം ഒഴുകിയെത്തുന്നത്‌ പത്തു ലക്ഷം വിദേശ വിനോദസഞ്ചാരികളാണ്‌. സംസ്‌ഥാനത്തെ 3.3 കോടി ജനങ്ങളുടെ ആറിലൊന്നും പ്രവാസികളാണ്‌, ഇവിടുന്നുള്ള നൂറുകണക്കിനു കുട്ടികള്‍ ചൈനയില്‍ വിദ്യാര്‍ഥികളുമാണ്‌.

വിമാനത്താവളങ്ങളിലെ പരിശോധന കേരളത്തില്‍ വളരെ നേരത്തേ കര്‍ശനമാക്കി. കൊറോണാ വൈറസ്‌ബാധ രൂക്ഷമായ ഇറാന്‍, ദക്ഷിണ കൊറിയ തുടങ്ങിയവയടക്കം ഒന്‍പതു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വീട്ടില്‍ ക്വാറൈന്റനില്‍ കഴിയണമെന്ന്‌ കേരളം ഫെബ്രുവരി പത്തിനേ നിഷ്‌കര്‍ഷിച്ചു. ഇന്ത്യയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നതിന്‌ രണ്ടാഴ്‌ച മുന്‍പായിരുന്നു ഇത്‌. ക്വാറൈന്റന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ്‌ സംസ്‌ഥാനത്തു നിന്ന്‌ പുറത്തുകടക്കാന്‍ ശ്രമിച്ച ഒരു ഡസനിലധികം വിദേശികളെ വിമാനം പുറപ്പെടുന്നതിനു തൊട്ടു മുന്‍പ്‌ പുറത്തിറക്കി ചികിത്സ നല്‍കിയ സംഭവവുമുണ്ടായി. വിനോദസഞ്ചാരികളെയും സംസ്‌ഥാനത്തിനു പുറത്തു നിന്നുള്ളവരെയും ചികിത്സിക്കാനായി താത്‌കാലിക ക്വാറൈന്റന്‍ കേന്ദ്രങ്ങളുണ്ടാക്കി.ഇതിനിടയിലും ചിലര്‍ നിരീക്ഷണത്തില്‍ പെടാതെ പോയി. ഫെബ്രുവരി അവസാനം ഇറ്റലിയില്‍ നിന്നു വന്ന മലയാളി ദമ്പതികള്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കാതിരുന്നത്‌ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. കണ്ടെത്തിയപ്പോഴേക്കും അവര്‍ ഏറെ സഞ്ചരിക്കുകയും ധാരാളം പേരുമായി അടുത്തിടപഴകുകയും ചെയ്‌തിരുന്നു. ഇവരുമായി ബന്ധപ്പെട്ട ഏതാണ്ട്‌ 900 ൈപ്രമറി, സെക്കന്‍ഡറി കോണ്‍ടാക്‌ടുകളെ കണ്ടെത്തി ഐസൊലേഷനിലാക്കി.

ആറു സംസ്‌ഥാനങ്ങളെങ്കിലും കൊറോണാ ബാധ തടയാനായി ഉപദേശം തേടിയെന്ന്‌ ശൈലജ വെളിപ്പെടുത്തി. പക്ഷേ, കേരളത്തിന്റെ പാഠങ്ങള്‍ ഇന്ത്യയിലെ മറ്റിടങ്ങളില്‍ നടപ്പാക്കുക അത്ര എളുപ്പമല്ല.

മുപ്പതു വര്‍ഷത്തിലധികം കമ്യൂണിസ്‌റ്റ്‌ ഭരണത്തിലായിരുന്ന ഈ സംസ്‌ഥാനത്ത്‌ പൊതുവിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും വലിയതോതില്‍ പണം ചെലവഴിക്കുകയും പ്രാധാന്യം നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. ഉയര്‍ന്ന സാക്ഷരതയ്‌ക്കൊപ്പം രാജ്യത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യസംവിധാനമുള്ളതിന്റെ നേട്ടവും കേരളത്തിനു ഗുണമായി. കുറഞ്ഞ നവജാതശിശു മരണ നിരക്ക്‌, പ്രതിരോധക്കുത്തിവയ്‌പ്‌, ൈപ്രമറി ഹെല്‍ത്ത്‌ സെന്ററുകളില്‍ പോലും സ്‌പെഷലിസ്‌റ്റുകളുടെ സേവനം എന്നീ കാര്യങ്ങളില്‍ ഇന്ത്യയില്‍ മുന്‍നിരയിലാണ്‌ കേരളം.

ഇങ്ങനെയൊരു സംവിധാനം ഉള്ളതുകൊണ്ട്‌ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച വ്യാപക പരിശോധന എളുപ്പത്തില്‍ ചെയ്യാന്‍ ഈ സംസ്‌ഥാനത്തിനു കഴിഞ്ഞു. കൂട്ടപ്പരിശോധന ഇന്ത്യയില്‍ സാധിച്ചേക്കില്ലെന്ന്‌ കേന്ദ്ര ഏജന്‍സികള്‍ പോലും പറഞ്ഞിരുന്ന സമയത്താണ്‌ ഈ നേട്ടം. അതിവേഗ പരിശോധനാ കിറ്റുകള്‍ ഉപയോഗിച്ചതിനൊപ്പം വാക്ക്‌-ഇന്‍ പരിശോധനയും കേരളത്തില്‍ തുടങ്ങി.

ഇതിനിടയില്‍ ചില വ്യതിയാനങ്ങളുമുണ്ട്‌. ആയിരക്കണക്കിന്‌ ജനങ്ങള്‍ പങ്കെടുത്ത ഒരു പ്രാദേശിക ഉത്സവത്തിന്‌ അനുമതി നല്‍കിയതാണ്‌ ഇതിലൊന്ന്‌. കമ്പോളങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിലും ചുമയ്‌ക്കുമ്പോള്‍ മറച്ചു പിടിക്കുന്നതിലും ലോക്ക്‌ഡൗണ്‍ നിബന്ധനകള്‍ പാലിക്കുന്നതിലും ഇനിയും മെച്ചപ്പെടാനുണ്ടെന്ന്‌ മെഡിക്കല്‍ എമര്‍ജന്‍സി സംബന്ധിച്ച നോഡല്‍ ഓഫീസര്‍ അമര്‍ ഫെറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

(കടപ്പാട്: മംഗളം)