‘പെട്ടെന്നൊരു ഐഡിയ തോന്നിയതാ സാറേ’; ആക്ഷൻ ഹീറോ ബിജുവിലെ കോമഡി രംഗങ്ങളെ അനുസ്മരിപ്പിച്ച് ലോക്ക്ഡൗൺ അനുഭങ്ങൾ

single-img
12 April 2020

മലപ്പുറം: ലോക്കഡൗൺ കാലത്ത് ജനങ്ങളെ സുരക്ഷിതാരാക്കി വീട്ടിലിരുത്താൻ സ്വന്തം സുരക്ഷ പോലും വകവയ്ക്കാതെയാണ് പൊലീസുകാർ ജോലി ചെയ്യുന്നത്. എന്നാൽ ഇതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്ന വിരുതൻമാരുമുണ്ട്. അത്തരക്കാരെ ഓടിച്ചു വീട്ടിൽ കയറ്റാൻ പരിശ്രമിക്കുകയാണ് പൊലീസുകാർ.ഈ ശ്രമത്തിനിടെ ഉണ്ടാകുന്ന ചില അനുഭവങ്ങളാകട്ടെ സിനിമയിലെ കോമഡി രംഗങ്ങളെ അനുസ്മരിപ്പിക്കുന്നവയുമാണ്.

അത്തരത്തിൽ ആക്ഷൻ ബീറോ ബിജു എന്ന മലയാള ചിത്രത്തിലെ ഒരു കോമഡി രംഗമാണ് മലപ്പുറത്ത് ആവർത്തിച്ചത്. ചീട്ടുകളിക്കാരെ ഓടിച്ചുപിടിക്കാന്‍ ശ്രമിച്ച നിവിന്‍ പോളിയുടെ പൊലീസ് ഇന്‍സ്പെക്ടറെ വെട്ടിച്ച്‌ ഓടി പരിചയമില്ലാത്തൊരു വീട്ടിലെ തീന്മേശയില്‍ കയറി വീട്ടുകാര്‍ക്കൊപ്പം ഉണ്ണാനെന്ന പോലെയിരുന്ന വിരുതനെ കയ്യോടെ പിടികൂടിയ സംഭവത്തിന് സമാനമായിരുന്നു കാളികാവിലും നടന്നത്.

കാളികാവു പള്ളിശേരി പ്രദേശത്ത് കൂട്ടം കൂടി നിന്നവരാണ് പൊലീസിനെകണ്ട് ചിതറിയോടിയത്. പൊലീസുകാർ പിറകേയോടി.കൂട്ടത്തിലൊരാൾ പരിചയമില്ലാത്ത ഒരു വീട്ടിലേക്കാണ് ഓടിക്കേറിയത്. ആ വീട്ടിലെത്തിയ പൊലീസുകാരൻ കണ്ടത് അടുക്കളയില്‍ ഒരാള്‍ കസേരയിട്ട് ഇരിക്കുന്നതാണ്. പൊലീസിനെ കണ്ടതോടെ വീട്ടുകാരനെപ്പോലെ ഇയാള്‍ സംഭവം തിരക്കി. എന്നാല്‍ പരിഭ്രമത്തോടെ മാറി നിന്ന വീട്ടമ്മയെകണ്ട പൊലീസിന് സംശയംതോന്നി.

ഭര്‍ത്താവ് വീട്ടിലുണ്ടോ എന്ന പൊലീസിന്റെ ചോദ്യത്തില്‍ എല്ലാം പുറത്തായി. ഇല്ലെന്നായിരുന്നു വീട്ടമ്മയുടെ മറുപടി. വീട്ടിനുള്ളില്‍ ഇരിക്കുന്നത് തങ്ങളുടെ ആരുമല്ലെന്ന് അവര്‍ വ്യക്തമാക്കി. അടുക്കളയില്‍ കസേരയിട്ട് ഇരുന്ന ആളെ പൊലീസ് തൂക്കിപ്പിടിച്ചു. പെട്ടെന്നൊരു ഐഡിയാ തോന്നിയതാ സാറെ എന്ന സിനിമാ ഡയലോ​ഗ് അനുസ്മരിപ്പിക്കും വിധമായിരുന്നു പിടിയിലായ ആളുടെ പെരുമാറ്റം. 

ഒപ്പമുണ്ടായിരുന്ന എല്ലാവരുടെയും പേരുകളും ഇയാൾ പറഞ്ഞുകൊടുത്തു. അതോടെ കൂട്ടത്തിലുള്ളവരും കുടുങ്ങി. ഓടിപ്പോയവരുടെയടക്കം മേല്‍വിലാസം അന്വേഷിച്ചറിഞ്ഞ് എല്ലാവര്‍ക്കുമെതിരേ പൊലീസ് കേസെടുത്തു.പിടിയിലായവരുടെ പേരില്‍ സാംക്രമിക രോഗനിയന്ത്രണ നിയമപ്രകാരമാണ് കേസെടുക്കുന്നത്.