എറണാകുളം ശുദ്ധിയായി: സംസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം 40 ശതമാനം വരെ വര്‍ധിച്ചു

single-img
12 April 2020

ലോക് ഡൗൺ പ്രഖ്യാപിച്ച ദിവസങ്ങൾ കഴിയുമ്പോൾ സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തിന് ഇതിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ടുകൾ. ലോക് ഡൗണിനെ തുടര്‍ന്ന് വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടതോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. കേരളത്തിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം 40 ശതമാനം വരെ വര്‍ധിച്ചെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിൻ്റെ വെളിപ്പെടുത്തൽ. 

ബോര്‍ഡ് നിരീക്ഷണം നടത്തുന്ന കേരളത്തിലെ എട്ട് പ്രധാനകേന്ദ്രങ്ങളിലും മലികരണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് എട്ടിനെ അപേക്ഷിച്ച് ഏപ്രില്‍ എട്ടിന് 35 മുതല്‍ 40 ശതമാനം വരെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം വര്‍ധിച്ചെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നത്. 

കഴിഞ്ഞ മാസം ഇടത്തരം നിലവാരത്തിലായിരുന്ന കൊച്ചി ഏപ്രില്‍ എട്ടിൻ്റെ വായു ഗുണനിലവാര സൂചികയില്‍ മുന്നിലെത്തിയിട്ടുണ്ട്. കോഴിക്കോടും മികച്ചനിലവാരത്തില്‍ എത്തിയിട്ടുണ്ട്.. ഏലൂരും എറണാകുളവും തിരുവനന്തപുരവും കൊല്ലവും മാര്‍ച്ച് എട്ടിനും ഒരുമാസത്തിന് ശേഷം ഏപ്രില്‍ എട്ടിനും തൃപ്തികരമായി തുടരുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.