അതിർത്തിക്കപ്പുറത്തും ഇപ്പുറത്തുമായി മുന്നു യുവാക്കൾ; ആൾ അതിർത്തി കടക്കാതെ മംഗളൂരുവിൽ നിന്നുള്ള ജീവൻ രക്ഷാമരുന്നുകൾ കേരളത്തിലേക്ക്: വഴിയടച്ച കർണ്ണാടകത്തിന് കേരള മോഡൽ മറുപടി

single-img
12 April 2020

കൊറോണ വൈറസ് ബാധ രൂക്ഷമാണെന്നു കാട്ടി കാസർഗോഡ് നിവാസികൾക്ക് മംഗളൂരുവിൽ ചികിത്സ നിഷേധിച്ച സംഭവം നാം കേട്ടതാണ്. ആംബുലൻസ് പോലും കടത്തി വിടാതെ വഴിയടച്ചു കൊണ്ട് മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് കർണാടകയുടെ ഭാഗത്തുനിന്നുമുണ്ടായത്. കാസർഗോഡ് നിവാസികൾക്ക് മംഗളൂരുവിൽ നിന്നും ലഭ്യമാകുന്ന ജീവൻരക്ഷാമരുന്നുകൾ പോലും കിട്ടാത്ത അവസ്ഥ. ഈ അവസ്ഥയിലാണ് മൂന്നു യുവാക്കൾ സാഹചര്യം മറികടക്കുവാൻ ഒരുങ്ങിയിറങ്ങിയത്. മംഗളൂരുവിൽ താമസിക്കുന്ന ഒരാളും കാസർഗോഡ് താമസിക്കുന്ന രണ്ടുപേരും കൂടി ചേർന്നപ്പോൾ അവർക്ക് അതിർത്തികളില്ലാതായി. നിരവധിപേർക്ക് ജീവൻരക്ഷാമരുന്നുകൾ എത്തിച്ച് സഹായവും നൽകാനായി. 

വളരെക്കാലമായി മംഗളൂരുവിൽ ചികിത്സ തേടിയിരുന്ന കണ്ണൂർ, കാസർക്കോടു ജില്ലകളിൽ നിന്നുള്ള നൂറു കണക്കിനു രോഗികൾക്കാണ് ലോകഎ ഡൗൺ കാരണം ദിവസവും കഴിക്കുന്ന മരുന്നുകൾ മുടങ്ങിയത്.  പലരും നിത്യേന കഴിക്കേണ്ട മരുന്നുകൾ കിട്ടാതെ വിഷമിക്കുന്ന കാഴ്ച കണ്ടുകൊണ്ടാണ് പയ്യന്നൂർ എരമം സ്വദേശിയും മംഗളൂരു കാനറ എൻജിനിയറിങ്ങ് കോളേജ് അധ്യാപകനുമായ പികെജി അനൂപ് കുമാറും, കാസര്‍ഗോഡ് പട്ട്ളയിൽ സതീഷ് ഷെട്ടിയും , പൊന്നങ്കളയിലെ പി ജയപ്രകാശും രംഗത്തിറങ്ങിയത്. 

മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടുന്നവരായതിനാൽ അവർ  ഉപയോഗിച്ചു വന്നിരുന്ന പല ജീവർരക്ഷാ മരുന്നുകളും മംഗളൂരു നഗരത്തില്‍ മാത്രം ലഭിക്കുന്നവയാണ‌. ദിനവും നിരവധി പേരാണ് മംഗളൂരുവിലെ പരിചയക്കാരെ വിളിച്ച് മരുന്നുകൾ എത്തിക്കാൻ മാർഗമുണ്ടേയെന്നു ചോദിക്കുന്നത്. എന്നാൽ കർണാടകത്തിലെ കടുത്ത നിയന്ത്രണങ്ങൾ കാരണം പലരും നിസ്സഹായരാണ്. 

ഒരു അവസ്ഥയിലാണ് ഈ മൂന്നു പേരും ഒരുമിച്ചിറങ്ങിയത്. സുപ്രീംകോടതി നിർദ്ദേശേം പോലും തള്ളിക്കളഞ്ഞുകൊണ്ട് കിടപ്പ് രോഗികൾക്ക് പോലും ചികിത്സ നിഷേധിക്കുന്ന കർണാടകയുടെ നിലപാടിനു മുകളിലൂടെയാണ് ഇവരുടെ ബുദ്ധി പ്രവർത്തിച്ചത്. ഏറെ ബുദ്ധിമുട്ടി കേരളത്തിലെ രോഗികള്‍ക്ക് മംഗളൂരു മാത്രം ലഭിക്കുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ ഇവർ എത്തിച്ചു നൽകുകയും ചെയ്തിരിക്കുന്നു. തളിപ്പറമ്പ് ചെമ്പേരി നെല്ലിക്കുറ്റിയിലെ മരിയ അഗസ്റ്റിന്‍ എന്ന യുവതിക്ക് ജീവന്‍ രക്ഷാമരുന്നായ ടാക്രോമസ് (TACROMUS) വേണമെന്നാവശ്യപ്പെട്ടുകൊണ്ടു വന്ന ഒരുഫോണ്‍ വിളിയാണ് ഈ മൂവർസംഘത്തിനെ രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്. 

മരുന്നു തേടി മംഗളൂരു കുംപാളയിൽ താമസിക്കുന്ന അനൂപ് ഇരുചക്രവാഹനത്തിൽ 15 കിലോമീറ്ററോളം യാത്രചെയ്ത് പമ്പ് വെല്ലിലുള്ള സൂര്യ ലൈഫ് കെയറില്‍ നിന്ന് മരുന്ന് വാങ്ങുകയായിരുന്നു. അവിടെ നിന്നും സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചു.അവിടെ നിന്ന് അഗ്നിരക്ഷാസേനയുടെ വണ്ടിയില്‍ ആ മരുന്ന് തളിപ്പറമ്പിലെ മരിയ അഗസ്റ്റിൻ്റെ അടുത്തെത്തിച്ചു നൽകുകയായിരുന്നു. 

കഴിഞ്ഞയാഴ്ച ജയപ്രകാശിന്റെ സഹോദരിഭര്‍ത്താവിനു വേണ്ട അവശ്യ മരുന്നും അനൂപ് മംഗളൂരുവില്‍ നിന്ന് വാങ്ങി തലപ്പാടിയില്‍ കൊണ്ടു നല്‍കിയിരുന്നു.ഇത്തരത്തിൽ നിരവധി പേർക്കാണ് ഈ മൂന്നു യുവാക്കൾ സഹായമായി മാറുന്നത്. കേരളത്തിലെ ആര്‍ക്കും മംഗളൂരുവില്‍ നിന്ന് ജീവന്‍ രക്ഷാമരുന്ന് എത്തിച്ചുനല്‍കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് മൂവരും ഒരേ സ്വരത്തില്‍ പറയുന്നു.8884713144-(അനൂപ്),9895135881- (ജയപ്രകാശ് )എന്നീ നമ്പറുകളില്‍ എപ്പോള്‍ വേണമെങ്കിലും വിളിച്ച് മംഗളൂരുവില്‍ നിന്ന് മരുന്നെത്തിക്കാമെന്നും ഇവർ പറയുന്നു.