വെെറസിൻ്റെ ജനിതക ഘടനയിൽ മാറ്റം: ഭേദമായവരിൽ വീണ്ടും കോവിഡ് ബാധ

single-img
12 April 2020

കോവിഡ്-19 രോഗം ഭേദമായവരില്‍ വീണ്ടും രോഗബാധ കണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയില്‍ 91 രോഗികള്‍ക്ക് ഇത്തരത്തില്‍ വീണ്ടും കോവിഡ് ബാധിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

 കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായതോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ചിലരില്‍ വീണ്ടും രോഗബാധ കണ്ടത്. പുതിയ സാഹചര്യം ലോകാരോഗ്യ സംഘടന വളരെ ഗൗരവമായാണെടുക്കുന്നത്. 

സ്ഥിതിഗതികള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചിട്ടുണ്ട്.  ഇത്തരം രോഗികളെ നിരീക്ഷിക്കാനും കൂടുതല്‍ പരിശോധന നടത്താനും നിര്‍ദേശം നല്‍കി. വൈറസിന്റെ ജനിതക ഘടനയില്‍ വന്ന മാറ്റമാണോ രോഗം ഭേദമായവര്‍ക്ക് വീണ്ടും രോഗം വരാന്‍ കാരണമെന്നും സംശയിക്കുന്നു. കൂടുതല്‍ പരിശോധന നടത്താതെ ഇക്കാര്യത്തില്‍ ഒന്നും പറയാനാകില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

എന്നാൽ രോഗാണു വീണ്ടും കയറിയതല്ലെന്നും ഇവരുടെ ഉള്ളിലുണ്ടായിരുന്ന വൈറസ് വീണ്ടും പ്രവര്‍ത്തനനിരതമാവുകയാണ് ഉണ്ടായതെന്നുമാണ് കൊറിയ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ജിയോങ് യുന്‍ ക്യോങ് വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം അനുസരിച്ച് 24 മണിക്കൂര്‍ ഇടവിട്ട് തുടര്‍ച്ചയായി രണ്ടുതവണ നെഗറ്റീവ് ആയാല്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്കു വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.