രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ സൈനിക ഉദ്യോഗസ്ഥനെ ബംഗ്ലാദേശ് തൂക്കിലേറ്റി

single-img
12 April 2020

രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി ബംഗ്ലാദേശ്. മുന്‍ സൈനിക ക്യാപ്റ്റനായ അബ്ദുല്‍ മജീദിനെ ഇന്നുപുലര്‍ച്ചെ ധാക്ക സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് തൂക്കിക്കൊന്നത്. അബ്ദുള്‍ മജീദിന്റെ വധശിക്ഷ മുജീബുര്‍ റഹ്മാന്റെ കൊലപാതകം നടന്ന് 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടപ്പിലാക്കിയത്. 

1975 ലാണ് ബംഗ്ലാദേശ് രാഷ്ട്രപിതാവായ മുജീബുര്‍ റഹ്മാന്‍ വധിക്കപ്പെടുന്നത്. സൈനിക അട്ടിമറഖിയെത്തുടര്‍ന്നാണ് അദ്ദേഹവും കുടുംബാംഗങ്ങളും ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു. മുജീബുര്‍ റഹ്മാന്റെ മകളും ഇപ്പോഴത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ക്ക് ഹസീനയും സഹോദരിയും മാത്രമാണ് അന്ന്  രക്ഷപ്പെട്ടത്.

12 മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരായിരുന്നു മുജീബുര്‍ റമാന്‍ വധക്കേസില്‍ പ്രതികളായിരുന്നത്. ഇതില്‍ അഞ്ചുപേരുടെ വധശിക്ഷ 2010 ല്‍ നടപ്പാക്കിയിരുന്നു. ബാക്കിയുള്ള പ്രതികള്‍ ഒളിവിലായിരുന്നു. ഇങ്ങനെ ഒളിവില്‍ കഴിഞ്ഞ അബ്ദുള്‍ മജീദ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിടിയിലാകുന്നത്. 

25 വര്‍ഷത്തിന് ശേഷമാണ് അബ്ദുള്‍ മജീദ് പിടിയിലാകുന്നത്. പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. 

അബദുൾ മജീദിനെ തൂക്കിക്കൊന്നതോടെ മുജീബുര്‍ റഹ്മാന്‍ വധക്കേസില്‍ ആറുപേരുടെ വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞു.  ഒരു പ്രതി സിംബാബ്‌വെയില്‍ വെച്ച് മരിച്ചു. പിടികിട്ടാനുള്ള മറ്റുപ്രതികളില്‍ ഒരാള്‍ അമേരിക്കയിലും ഒരാള്‍ കാനഡയിലുമാണെന്ന് ബംഗ്ലാദേശ് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്.