ലോകമേ കാണൂ… ഇതാ മാതൃക: കൊറോണയ്ക്ക് എതിരെ കേരളത്തിൻ്റെ പോരാട്ടങ്ങളെ പുകഴ്ത്തി വാഷിംഗ്ടൺ പോസ്റ്റ്

single-img
11 April 2020

കേരളത്തെ പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്. കോവിഡ്-19 വൈറസ് രോ​ഗബാധയ്ക്കെതിരെ  കേരളസർക്കാർ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങളെയും പ്രകീർത്തിച്ചുകൊണ്ടാണ് അമേരിക്കൻ മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് രംഗത്തെത്തിയത്. 

രോ​ഗബാധ തടയാൻ കൈക്കൊണ്ട നടപടികൾ, രോ​ഗബാധ സംശയിക്കുന്നവരെ ഉടനടി ക്വാറന്റൈനിൽ പാർപ്പിക്കൽ, സമ്പർക്ക പട്ടിക തയ്യാറാക്കൽ, മികച്ച ചികിൽസാ സൗകര്യം ഒരുക്കൽ തുടങ്ങി കേരളത്തിലെ ഇടതുസർക്കാരിൻ്റെ നടപടികളെ വാഷിങ്ടൺ പോസ്റ്റ് പുകഴ്ത്തുന്നു. 

കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാ​ഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾക്കായി താമസസൗകര്യം ഒരുക്കിയതും വാർത്തയിൽ പറയുന്നുണ്ട്. ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങൾക്കായി സൗജന്യം ഉച്ചഭക്ഷണം നൽകിയതുമടക്കം സർക്കാരിന്റെ കരുതലും ജാ​ഗ്രതയും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.  

രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തിൽ ഏപ്രിൽ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേർക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ സാധിച്ചെന്ന് വാഷിങ്ടൺ പോസ്റ്റ് വ്യക്തമാക്കുന്നു.