പങ്കെടുത്തത് വിവാഹ നിശ്ചയത്തിലും മതചടങ്ങുകളിലും; മാഹിയിൽ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് ആശങ്കയുയർത്തുന്നു

single-img
11 April 2020

കണ്ണൂർ: കേരളത്തിൽ കൊവിഡ് ബാധയെത്തുടർന്ന് മരണപ്പെട്ട മാഹി സ്വദേശിയുടെ റൂട്ട് മാപ്പിൽ ആശങ്കയോടെ ആരോഗ്യ പ്രവർത്തകർ. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ച മഹറൂഫ് എന്നയാൾ പൊതുചടങ്ങുകളില്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്.

മതചടങ്ങുകളിലും വിവാഹ നിശ്ചയചടങ്ങിലും ഇയാൾ സജീവമായി പങ്കെടുത്തിരുന്നതായാണ് സൂചന. ഇയാള്‍ ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ നിരന്തരം യാത്ര ചെയ്തിരുന്നതായും വിവരമുണ്ട്.. പന്ന്യന്നൂരില്‍ വിവാഹ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്. ഇതോടെ ഇയാളുടെ സ്വദേശമായ മാഹി, കണ്ണൂര്‍ മേഖലകളില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് മഹറൂഫിന്റെ മരണം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. മഹറൂഫിന്റെ മരണം കോവിഡ് മൂലമാണെന്ന് ഡിഎംഒ അറിയിച്ചു. ഹെ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രോഗിയായിരുന്നുവെന്നും, ഇയാള്‍ക്ക് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാൽ ഇയാൾക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തിയിട്ടില്ല. ഇയാളോട് സമ്പർക്കം പുലർത്തിയവരിൽ സംശയിക്കുന്ന ഏഴുപേരുടെ സ്രവ സാമ്പിൾ പരിശോധിച്ചെങ്കിലും, നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ രോഗം പകര്‍ന്നത് സംബന്ധിച്ച്‌ അവ്യക്തത തുടരുകയാണ്.