രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണ

single-img
11 April 2020

ഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ ധാരണയായി.പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് സമവായം ആയത്. എന്നാൽ ചില മേഖലകളില്‍ ഇളവ് നല്‍കാനുള്ള തീരുമാനവും ഉണ്ടാകാനാണ് സാധ്യത. ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക്ക് ഡൗൺ കാര്യക്ഷമമായിരുന്നുവെന്ന അഭിപ്രായമാണ് ചർച്ചയിൽ ഉണ്ടായത്.പൊതു സ്ഥിതി കണക്കിലെടുത്ത് രാജ്യത്താകെ ലോക്ക് ഡൗണ്‍ തുടരുന്നതാകും ഉചിതമെന്ന അഭിപ്രായത്തിനായിരുന്നു യോഗത്തില്‍ മുന്‍തൂക്കം.

 ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചില്ലെന്നാണ് സൂചന. ഘട്ടം ഘട്ടമായി ഇളവ് എന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.