യു.എ.ഇ.യിൽ എമർജൻസി മെഡിസിനുകൾ എത്തിക്കാനൊരുങ്ങി യൂത്ത് ലീഗ് 

single-img
11 April 2020

മലപ്പുറം: യു.എ.ഇ.യിൽ പ്രവാസികൾക്ക്  എത്തിക്കാനുള്ള എമർജൻസി മെഡിസിനുകൾ വൈറ്റ്‌ഗാർഡ്‌ മെഡി-ചെയിൻ പദ്ധതി പ്രകാരം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുള്ള പ്രത്യേക കാർഗോ വിമാനത്തിൽ അയക്കാനൊരുങ്ങി യൂത്ത് ലീഗ് വൈറ്റ് ഗാർഡ്. ആദ്യഘട്ടത്തിൽ ഏറനാട്‌ ട്രാവൽസ്‌ ആന്റ്‌ ടൂറിസവുമായി സഹകരിച്ചാണു സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്‌. 

ഡോക്‌ടറുടെ മരുന്ന് കുറിപ്പ്‌ കോപ്പിയും ഒറിജിനൽ മരുന്ന് ബില്ലും സഹിതം നെറ്റ്‌ ടൈപ്പ്‌ എൻവലപ്പിൽ, സ്റ്റാൻഡേർഡ്‌ കൊറിയർ പാക്കിംഗ്‌ ചെയ്‌താൽ വീടുകളിൽ നിന്ന് യൂത്ത് ലീഗ് വൈറ്റ്‌ഗാർഡ്‌ അംഗങ്ങൾ  ശേഖരിച്ച്‌ കാർഗോ കളക്ഷൻ പോയന്റിലെത്തിക്കും. നൂറു കണക്കിന് പ്രവാസികൾക്ക് ഇതിലൂടെ ആശ്വാസം പകർന്നു നൽകാനാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ അറിയിച്ചു. 

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയും, എം.എസ്.എഫിന്റെ മെഡിക്കൽ വിഭാഗമായ മെഡിഫെഡും സംയുക്തമായി സ്വദേശത്തും വിദേശത്തുമുള്ളവർക്കായി ഡോക്ടർമാരുടെ സേവനം നേരിട്ടു ലഭ്യമാക്കാനുള്ള  പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

രോഗികൾക്ക് തങ്ങളുടെ പേര്, വയസ്സ്, ജെൻഡർ(സ്ത്രീ/പുരുഷൻ/ട്രാൻസ്ജെൻഡർ) എന്നീ വിവരങ്ങളും  മെഡിക്കൽ ഹിസ്റ്ററിയും ഉൾപ്പടെ എഴുതിയോ വോയ്സ് ക്ലിപ്പായോ അയക്കാം. 

അവർ രോഗ വിവരങ്ങൾ പരിശോധിച്ചതിന് ശേഷം ആവശ്യമെങ്കിൽ വിദഗ്ദ്ധരായ ഡോക്ടർമാരുമായി സംസാരിച്ച് രോഗികൾക്ക് മറുപടി നൽകുന്നതാണ്. വിവിധ വിഭാഗങ്ങളിൽ പ്രഗൽഭരായ അമ്പതോളം ഡോക്ടർമാരാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്.

ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോ, ഇ.എൻ.ടി, ഒഫ്താൽമോളജി തുടങ്ങിയ എല്ലാ മേഖലകളിലുള്ള ഡോക്ടർമാരുടെ സേവനവും ലഭിക്കും .കൂടാതെ ആയുർവ്വേദ, ഹോമിയോ ഡോക്ടർ മാരുടെ സേവനവും  ലഭ്യമാക്കിയിട്ടുണ്ടെന്നും തങ്ങൾ  അറിയിച്ചു.

അപൂർവ്വ മരുന്നുകളാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നതെങ്കിൽ യൂത്ത് ലീഗിന്റെ വളണ്ടിയർ വിംഗായ വൈറ്റ് ഗാർഡിന്റെ മെഡിചെയിൻ വഴി മരുന്നുകൾ രോഗികൾക്ക് എത്തിച്ചു നൽകുന്നതാണ്. 

പ്രവാസി മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളിൽ നിരവധി കോവിഡ് ഹെൽപ് ഡെസ്കുകൾ കെ.എം.സി.സി യുമായി സഹകരിച്ച് നടപ്പിലാക്കുന്നെണ്ടെന്നും  തങ്ങൾ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്തെ വൈറ്റ്ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ സര്‍ക്കാര്‍ തടഞ്ഞിരുന്നു. മരുന്നും അവശ്യസാധനങ്ങളുമായി സേവനപ്രവര്‍ത്തനം നടത്തിയിരുന്ന വൈറ്റ്ഗാര്‍ഡ് അംഗങ്ങളെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഭരണകൂടവുമായി ഒരു ഏറ്റുമുട്ടല്‍ നടത്തി വൈറ്റ്ഗാര്‍ഡിന്റെ പ്രേവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന നിലപാടിൽ താല്‍കാലികമായി അവസാനിപ്പിച്ചിരുന്നു. പിന്നീട് യൂത്ത് ലീഗിന്റെ ആവശ്യങ്ങൾ അംഗീകരിച്ച ശേഷം പുനരാരംഭിക്കുകയായിരുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടുക:- 9895707074