‘ആ യാത്രക്കാരി തുടര്‍ച്ചയായി ചുമച്ചിരുന്നു, ശരിക്കും പേടിയാകുന്നു, എനിക്കു വേണ്ടി പ്രാര്‍ഥിക്കണം’; ഒരാഴ്ചക്കുള്ളിൽ അയ്യാൾ മരണത്തിനു കീഴടങ്ങി

single-img
11 April 2020

ലണ്ടന്‍ ∙ ‘ശരിക്കും പേടിയാകുന്നു, എനിക്കു വേണ്ടി പ്രാര്‍ഥിക്കണം’– കോവിഡ് തീവ്രപരിചരണ വിഭാഗത്തിലെ കിടക്കയില്‍നിന്ന് അയൂബ് അക്തര്‍ എന്ന ഊബര്‍ ഡ്രൈവര്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ച അവസാന സന്ദേശമാണിത്. ഒരു യുവതിയുമായി ടാക്‌സിയില്‍ യാത്ര പോയതിനു ശേഷമാണ് അയൂബിന് ശ്വാസതടസ്സം നേരിട്ടത്. തനിക്കു കൊറോണ വൈറസ് ബാധയുണ്ടോയെന്നു ഭയപ്പെടുന്നതായി ഇയാള്‍ ബന്ധുക്കളോടു പറഞ്ഞിരുന്നു. കുറച്ചു ദിവസം മുമ്പ് ടാക്‌സിയില്‍ കയറിയ യുവതി തുടര്‍ച്ചയായി ചുമച്ച വിവരവും പങ്കുവച്ചിരുന്നു.

മുപ്പത്തിമൂന്നുകാരനായ അയൂബ് വെള്ളിയാഴ്ചയാണ് മരണത്തിനു കീഴടങ്ങി. ആരോഗ്യവാനായിരുന്ന അയൂബിന്റെ ജീവിതം ഒരാഴ്ചയ്ക്കുള്ളിലാണു കോവിഡ് തകിടം മറിച്ചത്. ദക്ഷിണ ലണ്ടനിലെ നോര്‍വുഡിലുള്ള അയൂബിന്റെ ഊബര്‍ ടാക്‌സിയില്‍ ഒരാഴ്ച മുമ്പു കയറിയ യുവതി പിന്‍സീറ്റിലിരുന്നു പലവട്ടം ചുമച്ചിരുന്നു. ഇതിനു പിന്നാലെയാണ് അയൂബിന് കോവിഡ് സ്ഥിരീകരിച്ചതും അപ്രതീക്ഷിതമായി മരണം സംഭവിച്ചതും.തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയൂബിന് കടുത്ത ചുമയാണ് അനുഭവപ്പെട്ടത്. എപ്പോഴും തണുക്കുന്നതായും പറഞ്ഞു. കിടപ്പുമുറിയിൽനിന്ന് അയൂബ് വേദനയോടെ ചുമയ്ക്കുന്നതു കേള്‍ക്കാമായിരുന്നുവെന്നു സഹോദരന്‍ പറഞ്ഞു. രാത്രി ശ്വാസമെടുക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. തുടര്‍ന്ന് എന്‍എച്ച്എസില്‍ വിളിച്ചു വിവരം അറിയിച്ചു. ശ്വാസതടസം ശക്തമായതോടെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി ക്രോയ്ഡണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ടൂട്ടിങ്ങിലെ സെന്റ് ജോര്‍ജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

സ്വമേധയാ ശ്വാസമെടുക്കാനാണു ഡോക്ടര്‍മാര്‍ പറയുന്നതെന്നും തനിക്കതിനു കഴിയുന്നില്ലെന്നും അയൂബ് കുടുംബാംഗങ്ങൾക്കയച്ച സന്ദേശങ്ങളിൽ വ്യക്തമാക്കി. പേടിയാകുന്നുവെന്നും തനിക്കു വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും അയൂബ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയോടെ അയൂബിന്റെ മരണവാര്‍ത്തയാണു കുടുംബത്തെ തേടിയെത്തിയത്.