കൊവിഡിൽ നിന്ന് കരകയറാനൊരുങ്ങി സ്പെയിനും; രാജ്യത്ത് മരണസംഖ്യ കുറയുന്നു, നിയന്ത്രണങ്ങൾ തുടരും

single-img
11 April 2020

ചൈനയ്ക്കു പിന്നാലെ കൊറോണ സംഹാര താണ്ഡവമാടിയ രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. എന്നാൽ ഇപ്പോൾ സ്പെയിനിൽ നിന്ന് വരുന്നത് ആശ്വാസ വാർത്തകളാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് രാജ്യത്ത് കുറവ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 510 പേരാണ് സ്പെയിനില്‍ മരിച്ചത്. വെള്ളിയാഴ്ച 610 മരണമാണ് രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് രണ്ട് ദിവസത്തെ മരണസംഖ്യകള്‍ക്കിടയില്‍ ഇത്രയും വലിയ വ്യത്യാസം പ്രകടമാകുന്നത്. ഏപ്രില്‍ 2 ആയിരുന്നു സ്പെയിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദന നിറഞ്ഞ ദിവസം. 950 പേരാണ് അന്ന് മരിച്ചത്. മരണനിരക്കിന്റെ കാര്യത്തില്‍ ഇറ്റലിയ്ക്കും അമേരിക്കയ്ക്കും തൊട്ടുപിന്നിലാണ് സ്പെയിന്‍.

16,353 പേരാണ് ഇതിനോടകം സ്പെയിനില്‍ മരണപ്പെട്ടത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മരണസംഖ്യ കുറഞ്ഞു വരുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.. 161,852 പേരാണ് സ്പെയിനില്‍ ഇപ്പോള്‍ രോഗബാധിതരായുള്ളത്. 4,830 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

എന്നാൽ മരണ സംഖ്യ കുറയുന്നതിനൊപ്പം രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നില്ല എന്നത് ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനും ആശങ്ക നൽകുകയാണ്. ഏതായാലും രാജ്യത്ത് നടപ്പാക്കുന്ന നിയന്ത്രണങ്ങൾ കർശനമായി തുടരാനാണ് തീരുമാനം.