കുവൈറ്റിലെ പൊതുമാപ്പ്: പ്രവാസികളെ ഏപ്രിൽ 30 ന് മുമ്പ് നാട്ടിലെത്തിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം, വെൽഫെയർ പാർട്ടി

single-img
10 April 2020

തിരുവനന്തപുരം:- കുവൈറ്റ് ഗവൺ‌മെന്റ ഏപ്രിൽ 1 മുതൽ 30 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കേണ്ട അമ്പതിനായിരത്തോളം ഇന്ത്യാക്കാർക്ക് നാട്ടിലേക്കെത്താനാവാശ്യമായ പ്രത്യേക യാത്രാ സംവിധാനം കേന്ദ്ര സർക്കാർ ഏർപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

ഇതിൽ പകുതിയോളം ആളുകൾ മലയാളികൾ ആണ്. ഈ കാലയളവില്‍ രേഖകൾ ഇല്ലാതെ താമസിക്കുന്ന വിദേശ പൗരൻമാർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ അവരവരുടെ നാട്ടിലേക്ക് പോകാനും പിന്നീട് കുവൈറ്റിലേക്ക് തിരിച്ച് വന്ന് ജോലി ചെയ്യാനും കഴിയുന്ന വലിയ ആനുകൂല്യം ആണ് കുവൈറ്റ് ഗവൺ‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ പൗരൻമാർക്ക് നഷ്ടപ്പെടാതിരിക്കണമെങ്കിൽ കേന്ദ്ര സർക്കാർ ഇതിൽ അടിയന്തിര തീരുമാനം എടുക്കണം.

മറ്റ് രാജ്യങ്ങൾ ഇത് മുൻ നിർത്തി അവരുടെ വിമാനത്താവളങ്ങൾ തുറന്ന് നൽകുകയും പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ലോക്ഡൌണിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിമാന യാത്രാ നിരോധനം നില നിർത്തിയാൽ പൊതുമാപ്പ് ലഭിച്ചിട്ടും നാട്ടിലെത്താവാനാവാതെ ആയിരക്കണക്കിന് മലയാളികളുൾപ്പെടയുള്ള പ്രവാസികൾ കുവൈറ്റിൽ നിയമ നടപടികൾക്ക് വിധേയമായി കുടുങ്ങിക്കിടക്കും.

എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവ്വീസ് ഏർപ്പെടുത്തി സൌജന്യമായി അവരെ നാട്ടിലെത്തിക്കുകയോ കുവൈറ്റ് സർക്കാർ നൽകുന്ന യാത്രാ സൗകര്യങ്ങൾ ഉപയോഗിക്കുകയോ വേണം. ഇതിനായി ഇന്ത്യക്കാരെയും കൊണ്ട് വരുന്ന വിദേശ വിമാനങ്ങൾക്ക് ഇറങ്ങാൻ ഇന്ത്യയിലെ എയർപോർട്ടുകളിൽ പ്രത്യേക അനുമതി നൽകണം. ഓരോ സംസ്ഥാനത്തേക്കുമുള്ള യാത്രക്കാർക്ക് അതത് സംസ്ഥാനത്തെ എയർപോർട്ടുകളിൽ തന്നെ ഇറങ്ങാനുള്ള സംവിധാനം കുവൈത്ത് സർക്കാരുമായി ആലോചിച്ച് ഒരുക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കണം.

പാസ്സ്പോർട്ട് ഇല്ലാതെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ നിൽക്കുന്ന പ്രവാസികൾക്ക് എമർജൻസി സർട്ടിഫിക്കറ്റ് (ഇ.സി) ലഭിക്കുന്നതിനായുള്ള നടപടികളും എംബസി വഴി ത്വരിതപ്പെടുത്തണം. ഇതിന് പ്രത്യേക ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണം. കോവിഡ്-19 സമ്പർക്ക സാദ്ധ്യതയുടെ പേരിൽ ക്വാറന്റൈനിൽ കഴിയുന്നവരും രോഗലക്ഷണങ്ങളുള്ളവരുമായ മുഴുവൻ പ്രവാസി ഇന്ത്യക്കാർക്കും മതിയായ ചികിത്സയും സൌകര്യങ്ങളും നാട്ടിൽ തന്നെ ലഭ്യമാക്കുന്നതിന് സൗജന്യ വിമാന സർവ്വീസ് ആരംഭിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.

ഇതിൽ സ്വീകരിച്ചിരിക്കുന്ന നിഷേധാത്മക നിലപാട് സർക്കാർ തിരുത്തണമെന്നും വിമാനത്തിൽ എത്തുന്ന പ്രവാസികൾക്ക് ആവശ്യമായ ക്വാറന്റീൻ സൗകര്യം അടിയന്തിരമായി തയ്യാറാക്കി രാജ്യത്തിന്റെ ശക്തിയായ പ്രവാസികളുടെ സുരക്ഷക്ക് സർക്കാർ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.