കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

single-img
10 April 2020

കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. കാസർകോട് ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്.

ഇതിൽ മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. ആകെ 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. ഇവരിൽ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസർകോടും ഉള്ളവരാണ്. അതേപോലെ ഇന്ന് 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

കാസർകോട് ജില്ലയിൽ നിന്നും 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസർകോട്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.

അതേപോലെ തന്നെ കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. കേരളത്തിലെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇതിൽ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.