രോഗബാധ തിരിച്ചറിയാതെ ജനമദിനാഘോഷത്തിലും ശവസംസ്കാര ചടങ്ങിലും പങ്കെടുത്തു; ചിക്കാഗോ സ്വദേശി കൊവിഡ് സമ്മാനിച്ചത് 15 പേർക്ക്

single-img
10 April 2020

ചിക്കാഗോ: രോഗം സ്ഥിരീകരിക്കാതിരുന്ന സമയത്ത് ചിക്കാഗോ സ്വദേശിയുടെ സമ്പർക്കത്തിലൂടെ രോഗബാധിതരായത് 15 പേർ.അമേരിക്കയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപായിരുന്നു ഇത്.  തൊണ്ടവേദനയും പനിയും ഒക്കെ അനുഭവപ്പെട്ടിരുന്നെങ്കിലും തനിക്ക് പിടിപെട്ടത് കൊറോണ യാണെന്ന് അറിയാതെ ഇയാൾ ജന്മദിനാഘോഷത്തിലും ശവസംസ്‌കാര ചടങ്ങിലും പങ്കെടുത്തു.

തുടർന്ന് ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട 15 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു പേർ മരണപ്പെട്ടു. ലോക്ക്ഡൗണും സാമൂഹ്യ അകലം പാലിക്കലും കൊറോണയെ പ്രതിരോധിക്കാന്‍ എത്രമാത്രം ഫലപ്രദമാണെന്ന് ഈ ഒരു സംഭവത്തിലൂടെ വ്യക്തമാകുമെന്നാണ് അമേരിക്കന്‍ ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

രോഗബാധിതനായ വ്യക്തി ആ സമയത്ത് സുഹൃത്തുക്കളായ രണ്ട് പേരോടൊപ്പമാണ് അന്ന് ഇയാള്‍ ഭക്ഷണം കഴിച്ചത്. അതും ഒരേ പ്ലേറ്റില്‍ നിന്ന് . ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന അത്താഴവിരുന്നും രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ശവസംസംസ്‌കാര ചടങ്ങിലുമാണ്‌ ഇയാള്‍ സമയം ചിലവഴിച്ചത്. രാത്രി അവിടെയെത്തിയ നാല് പേരെ ആലിംഗനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശവസംസ്‌കാരം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ആദ്യം കൊറോണ ബാധിതനായ വ്യക്തി ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തു. സ്വന്തം കുടുംബത്തിലെ ഒമ്പത് അംഗങ്ങളാണ് ഈ പാര്‍ട്ടിയില്‍ പങ്കെടുത്തത്. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പാര്‍ട്ടിയില്‍ അദ്ദേഹം എല്ലാവരുമായി അടുത്ത ബന്ധം പുലര്‍ത്തി.

ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത മൂന്ന് പേര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിന് ശേഷം പള്ളിയില്‍ പോയിരുന്നു. കൂടാതെ ഒരു ആരോഗ്യപ്രവര്‍ത്തകനോട് 90 മിനിട്ടോളം സംസാരിക്കുകയും ചെയ്തിരുന്നു.