നമ്മുടെ സാമൂഹ്യ- ആരോഗ്യ പ്രവര്‍ത്തകരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികൾ: രാഹുൽ ഗാന്ധി

single-img
10 April 2020

കൊറോണ അനിയന്ത്രിതമായി പടരുന്ന ഈ സമയം നമ്മുടെ സമൂഹത്തെ സുരക്ഷിതമായി സംരക്ഷിക്കുന്ന സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കേഴ്‌സ്, ആയമാര്‍, നഴ്‌സുമാര്‍, അംഗനവാടി അധ്യാപകര്‍ എന്നിവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

രാജ്യം എപ്പോഴാണോ സഹായം ആവശ്യപ്പെടുന്നത് ആ സമയത്ത് പ്രവര്‍ത്തിക്കുക എന്നതാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള സാഹചര്യത്തിൽ ഭയവും വ്യാജപ്രചരണവുമാണ് വൈറസിനേക്കാള്‍ അപകടകാരികള്‍. അങ്ങിനെയുള്ള സമയം സാമൂഹ്യ പ്രവര്‍ത്തകര്‍ ജനങ്ങളോട് കൊവിഡ് 19ന്റെ അപകടത്തെ കുറിച്ചും അത് വ്യാപിക്കുന്ന വഴിയെ കുറിച്ചും ബോധവത്കരിക്കുന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. നമുക്കുള്ള സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളും വാഴ്ത്തപ്പെടാതെ പോവുന്ന നമ്മുടെ നായകരുമാണ്.

രാജ്യത്തെ ജനങ്ങളെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സംരക്ഷിക്കുന്ന അവരെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ ഓരോ സാമൂഹ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നതായും ഈ മഹാമാരിയുടെ കാലത്ത് അവരും അ അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതമായിരിക്കട്ടെയന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.