പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ മേയ് മാസം വരെ കാത്തിരിക്കണം: കേന്ദ്രമന്ത്രി വി മുരളീധരന്‍

single-img
10 April 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളില്‍ അകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മേയ് മാസം വരെ കാത്തിരിക്കേണ്ടിവരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്ക്ഡൗണിന് ശേഷം എല്ലാവരെയും പെട്ടെന്ന് തിരികെ കൊണ്ടുവന്നാൽ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്ത് എത്താന്‍ വിദേശത്തെ മലയാളി സംഘങ്ങളും ജോര്‍ദാനില്‍ കുടുങ്ങിയ സിനിമ സംഘവും മോള്‍ഡോവയിലെ വിദ്യാര്‍ഥികളും ഉൾപ്പെടെയുള്ളവർ താല്‍പര്യം അറിയിച്ചിരുന്നെന്നും സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോള്‍ എല്ലാവരെയും തിരികെ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കി നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.