ജനാധിപത്യ സംവിധാനത്തില്‍ ദിനപ്പത്രം പ്രവര്‍ത്തിക്കേണ്ടതുണ്ട്; ലോക്ക് ഡൌണില്‍ പത്രങ്ങള്‍ നിരോധിക്കാനാകില്ല: മദ്രാസ് ഹൈക്കോടതി

single-img
10 April 2020

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ രാജ്യമാകെ പ്രഖ്യാപിച്ച ലോക്ഡൗണില്‍നിന്നും അച്ചടി മാധ്യമങ്ങളെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഹര്‍ജി പരിഗണിച്ച എന്‍ കൃപാകരന്‍, ആര്‍ ഹേമലത എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് നടപടി.

ഒരു ജനാധിപത്യ സംവിധാനത്തില്‍ ദിനപ്പത്രം പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന് നിരീക്ഷിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. പത്ര മാധ്യമങ്ങളുടെ പ്രസിദ്ധീകരണം നിയന്ത്രിക്കുന്നതോ നിരോധിക്കുന്നതോ ആയ ശ്രമങ്ങളെല്ലാം മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നും കോടതി പറഞ്ഞു.

പത്രങ്ങള്‍ ഇല്ലാതെ സര്‍ക്കാര്‍ വേണോ അതോ സര്‍ക്കാര്‍ ഇല്ലാതെ പത്രങ്ങള്‍ വേണോ എന്ന് തീരുമാനിക്കാനുള്ള അവസരം ലഭിച്ചാല്‍ ഞാന്‍ ഉറപ്പായും രണ്ടാമത്തേതിന് മുന്‍ഗണന നല്‍കും എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തോമസ് ജഫേഴ്‌സന്റെ വാക്കുകള്‍ ഉദാഹരിച്ചായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളാനുള്ള തീരുമാനം എടുത്തത്. ദിനപത്രങ്ങള്‍, കറന്‍സി എന്നിവയിലൂടെ വൈറസ് പടരാനുള്ള സാധ്യത കുറവാണെന്നും അഭിഭാഷകന്‍ അരവിന്ദ് പാണ്ഡ്യന്‍ കോടതിയെ അറിയിച്ചു.

വൈറോളജിയുമായി ബന്ധപ്പെട്ട ഗവേഷകര്‍ പോലും പേപ്പര്‍ ഉല്‍പ്പന്നങ്ങളിലൂടെ വൈറസ് പകരുന്നതിനുള്ള സാധ്യത കുറവാണെന്നാണ് പറയുന്നത്. അതിനാല്‍ തന്നെ മതിയായ വിവരങ്ങളുടെ അഭാവത്തില്‍ ഹര്‍ജിയിന്മേല്‍ അനുകൂല തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

‘ജനങ്ങള്‍ മാധ്യമങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നത് വാര്‍ത്തകള്‍ മാത്രമാണ്. അങ്ങിനെയല്ലാതെ പത്രാധിപന്റെ കാഴ്ചപ്പാടുകളല്ല. വാര്‍ത്തകള്‍ എല്ലാം വായനക്കാരിലേക്ക് എത്തേണ്ടതുണ്ട്. പത്രാധിപര്‍ക്ക് പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും, വാര്‍ത്തകള്‍ മാത്രമേ ആളുകള്‍ക്ക് ആവശ്യമുള്ളൂ. അതിനാല്‍ കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രവും ഇടകലരുന്നത് ഒഴിവാക്കണം. ‘ കോടതി നിരീക്ഷിച്ചു.