കൊറോണ വൈറസിന് ജാതിയോ മതമോ ഇല്ല; ഈ പോരാട്ടത്തില്‍ ഞങ്ങള്‍ താങ്കളോടൊപ്പം; യോഗി ആദിത്യനാഥിന് കത്തെഴുതി പ്രിയങ്ക

single-img
10 April 2020

സംസ്ഥാനത്തെ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തി അവരെ സ്വമേധയാ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാകുന്ന അവസ്ഥയിലേക്ക് വരണമെന്ന് പ്രിയങ്ക ഗാന്ധി. ഈ ആവശ്യങ്ങൾ കൃത്യമായി വിശദീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക കത്തെഴുതി.

കൊറോണ എന്ന ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ താങ്കളോടൊപ്പമുണ്ട്. വൈറസിന് ജാതിയോ മതമോയില്ല. അത് എല്ലാവരെയും ബാധിക്കാം.ഈ സമയം രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളെ സഹായിക്കുകയും നല്ല അവസ്ഥ ഉണ്ടാക്കിയെടുക്കുകയുമാണ് വേണ്ടത്.

അതുകൊണ്ടുതന്നെ ഈ പോരാട്ടത്തില്‍ അതിന് വേണ്ടി നടപടികളാണ് ആവശ്യമെന്നും യോഗിക്കെഴുതിയ കത്തില്‍ പ്രിയങ്ക ചൂണ്ടിക്കാട്ടി. നിലവിൽ ഇന്ത്യയിൽ കൊവിഡ് രോഗബാധ സമൂഹവ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുകയുണ്ടായി. അതിന് കാരണം ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികളില്‍ 40 ശതമാനം പേര്‍ക്കും എവിടെ നിന്ന് രോഗം ലഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. മാത്രമല്ല, ന്യൂമോണിയ പോലെയുള്ള കടുത്ത ശ്വാസകോശരോഗങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആകെ 50-ല്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.