കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സർക്കാർ അമേരിക്കൻ സ്വകാര്യ കമ്പനിക്ക് വിൽക്കുന്നു; ആരോപണവുമായി ചെന്നിത്തല

single-img
10 April 2020

കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിംഗ്ളർ എന്ന അമേരിക്കൻ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയാണ് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രസ്തുത കമ്പനിയുമായി സർക്കാർ ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ കേരളത്തിൽ സർക്കാർ രൂപീകരിച്ച വാർഡ് തല കമ്മിറ്റികളാണ് സംസ്ഥാനത്തുടനീളം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്.

മുൻകൂട്ടി തയ്യാറാക്കപ്പെട്ട 41 ചോദ്യങ്ങളുടെ ഉത്തരം അടങ്ങിയ വിവരങ്ങൾ സ്പ്രിംഗ്ലർ എന്ന അമേരിക്കൻ കമ്പനിയുടെ സെർവറിലേക്കാണ് എത്തുന്നത്. സംസ്ഥാന സർക്കാരിന്റെ സ്ഥാപനങ്ങളായ സി ഡിറ്റിനോ ഐ.ടി മിഷനോ ചെയ്യാൻ കഴിയുന്ന കാര്യം ഇതൊന്നുമായി ഒരു ബന്ധവുമില്ലാത്ത സ്വകാര്യ അമേരിക്കൻ കമ്പനിയെ എൽപ്പിച്ചതെന്തിനെന്ന് പ്രതിപക്ഷം ചോദിക്കുന്നു.

സ്പ്രിംഗ്ലർ എന്ന കമ്പനിയുമായി സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കണം. കേരളാസർക്കാരിന്റെ ലോഗോ ഉപയോഗിച്ച് കമ്പനി മാർക്കറ്റിങ് നടത്തുകയാണ്. ഈ കമ്പനിയുടെ പരസ്യചിത്രത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കർ അഭിനയിച്ചതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.