60 വയസ്സിനു മുകളിലുള്ളവരെ തള്ളിക്കളയാൻ ഇതു അമേരിക്കയോ ഇറ്റലിയോ അല്ല: കേരളത്തിൽ കോവിഡ് ബാധിക്കപ്പെട്ട വിദേശികളെല്ലാവരും രോഗവിമുക്തരായി

single-img
10 April 2020

കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദേശികളെല്ലാം രോഗമുക്തരായി. കഴിഞ്ഞ ദിവസം കോവിഡ് മുക്തരായ സ്റ്റീവൻ ഹാൻകോക്ക് (61), ഭാര്യ ആൻ വില്യം (61), ജാനറ്റ് ലൈ (83), ജെയിൻ എലിസബത്ത് ജാക്സൺ (63) എന്നിവർ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി വിട്ടു. കേരളത്തോടും ഇവിടെയുള്ള ആരോഗ്യ പ്രവർത്തകരോടും നന്ദി പറയാനും ബ്രിട്ടിഷ് പൗരന്മാർ മറന്നില്ല. ഇറ്റലിയിൽനിന്നുള്ള റോബർട്ടോ ടൊണോസോ (57), ബ്രിട്ടിഷുകാരായ ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയൻ നെയിൽ (57) എന്നിവർ മുൻപു തന്നെ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള ആശുപത്രികളിൽ സുഖം പ്രാപിച്ചിരുന്നു. 

ഇവരിൽ ബ്രയൻ നെയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ, പ്രത്യേക അനുമതി വാങ്ങി എച്ച്ഐവി മരുന്നു നൽകിയതു ഫലപ്രദമാകുകയും ചെയ്തു. നെയിൽ ഉൾപ്പെടുന്ന സംഘത്തെ 15നു വിമാനത്താവളത്തിൽവച്ചു തടഞ്ഞാണ് ആശുപത്രിയിലാക്കിയത്. 

പരിചിതമല്ലാത്ത നാട്ടിൽ ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണു ലഭിച്ചതെന്നു ബ്രിട്ടിഷ് സംഘത്തിലെ ജെയ്ൻ ജാക്സൺ പറഞ്ഞു. പലതവണ തളർന്നു പൊട്ടിക്കരഞ്ഞ സന്ദർഭങ്ങളിൽ ആരോഗ്യപ്രവർത്തകർ താങ്ങായി കൂടെനിന്ന് ആത്മവിശ്വാസം പകർന്നെന്നാണ് ആൻ വില്യത്തിന്റെ വെളിപ്പെടുത്തൽ. ഇവർ ഇനി ബോൾഗാട്ടിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയും. പിന്നീടു സ്വദേശത്തേക്കു മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 

കേരളത്തിന് അഭിമാനകരമായ പ്രവർത്തനം നടത്തിയ തിരുവനന്തപുരം, എറണാകുളം മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരെ മന്ത്രി കെ. കെ. ശൈലജ അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തുമ്പോഴാണ് ഇവിടെ മികച്ച ചികിത്സയിലൂടെ എല്ലാ വിദേശികളുടെയും ജീവൻ രക്ഷിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടി.