‘കൂടെ ആരുമില്ലെന്ന തോന്നൽ വേണ്ട നമ്മളെല്ലാവരും ഉണ്ട്’; പ്രവാസികൾക്ക് ധൈര്യം പകർന്ന് മോഹൻലാൽ

single-img
10 April 2020

ലോകമാകെ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും തന്നെ ആശങ്കയിലാണ്. അക്കൂട്ടത്തിൽ മഹാമാരിക്കു ശേഷമുണ്ടാകുന്ന തൊഴിലില്ലായ്മയേയും, സാമ്പത്തിക പ്രതിസന്ധിയേയും ഏറെ ഭയന്നു കഴിയുന്നവരാണ് പ്രവാസികൾ. കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലെത്തി ലേബർ ക്യാംപുകളിലും മറ്റുമായി ആശങ്കയോടെ കഴിയുന്ന പ്രവാസികൾക്ക് ധൈര്യം പകരുകയാണ് നടൻ മോഹൻലാൽ.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മോഹന്‍ലാലിന്റെ ആശ്വാസ വാക്കുകള്‍.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ: ”ഒരു മഹാമാരിയില്‍ നിന്ന് മോചിതരാകാന്‍ വേണ്ടി എല്ലായിടത്തുമുളള മനുഷ്യര്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഞാനും നിങ്ങളും ഈ ലോകത്ത് നമുക്ക് നേരിട്ട് അറിയാത്തവരുമൊക്കെ, നമുക്ക് കാണാന്‍ പോലും കഴിയാത്ത ശത്രുവിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കൈ കഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാതെയുമുളള പോരാട്ടം.

ഇതെല്ലാതെ നമുക്ക് വേറെ മാര്‍ഗങ്ങളില്ല. ഞാനീ സംസാരിക്കുന്നത് നിങ്ങളോടാണ്. എല്ലാ പ്രവാസി മലയാളികളോടുമാണ്. എന്റെ പ്രിയപ്പെട്ടവരോടാണ്. അവിടെയും അവിടുത്തെ ഭരണാധികാരികള്‍ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതെല്ലാം പാലിക്കണമെന്ന് ഞാനും അഭ്യര്‍ത്ഥിക്കുന്നു. എനിക്കറിയാം നിങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍, നാട്ടിലുളള കുടുംബങ്ങളെ ഓര്‍ത്ത്, ജോലിയില്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങളെ ഓര്‍ത്ത്, സ്വന്തം സുരക്ഷിതത്വത്തെ ഓര്‍ത്ത് നിങ്ങള്‍ വല്ലാതെ വീര്‍പ്പ് മുട്ടുന്നു.

പക്ഷേ ഈ സമയത്ത് അങ്ങനെയൊരു ഉത്കണ്ഠ നമ്മളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ട് പോവുകയേ ഉളളൂ. കൂടെ ആരുമില്ല എന്ന തോന്നല്‍ ആദ്യം മനസ്സില്‍ നിന്നും എടുത്ത് മാറ്റൂ. എല്ലാവരും ഉണ്ട്. നമ്മളെല്ലാവരും ഉണ്ട്. ഒരുമിച്ച്‌ തന്നെയുണ്ട്. ശരീരം കൊണ്ട് അകലങ്ങളില്‍ ആണെങ്കിലും മനസ്സ് കൊണ്ട് നമ്മള്‍ എത്രയോ അടുത്താണ്. ഈ കാലവും കടന്ന് പോകും. പോയതൊക്കെ നമ്മള്‍ വീണ്ടെടുക്കും.

ഉള്ളില്‍ മുള പൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോള്‍ തന്നെ പറിച്ചെറിയൂ. നല്ല ചിന്തകളുടെ വിത്തുകള്‍ മുളയ്ക്കട്ടെ. ഈ ലോകത്ത് ഒന്നും സ്ഥായിയായി ഇല്ലല്ലോ. എല്ലാം മാറിയേ മതിയാകൂ. സന്തോഷമായാലും സങ്കടമായാലും. അതുകൊണ്ട് നമ്മള്‍ ഒരുമിച്ച്‌ ആഹ്‌ളാദം പങ്കുവെച്ചത് പോലെ, ആ കാലം കടന്ന് പോയത് പോലെ, നമ്മള്‍ ഒരുമിച്ച്‌ പങ്കുവെയ്ക്കുന്ന ഈ സങ്കടകാലവും കടന്ന് പോകും. നമ്മള്‍ ഇതിനെയൊക്കെ അതിജീവിച്ച്‌ വിജയം കൈവരിക്കും. നമ്മള്‍ ഒരുമിച്ച്‌ കൈകള്‍ കോര്‍ത്ത് വിജയഗീതം പാടും. തീര്‍ച്ച. നിങ്ങളുടെ മോഹന്‍ലാല്‍”.

പ്രവാസികൾക്കൊപ്പമുണ്ട് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിൽ പ്രവാസികളായവർക്ക് ഏറെ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുകയാണ് മോഹൻലാലിന്റെ വാക്കുകൾ.

Be Positive, This too shall pass

Be Positive, This too shall pass#StayHome #SocialDistancing #Covid19

Posted by Mohanlal on Thursday, April 9, 2020