ചന്ദ്രൻ ഉൾപ്പെടെയുള്ള ഛിന്നഗ്രഹങ്ങളില്‍ അമേരിക്കൻ സ്വകാര്യ കമ്പനികൾക്ക് ഖനനം നടത്താം; ഉത്തരവിൽ ഒപ്പ് വെച്ച് ട്രംപ്

single-img
9 April 2020

ബഹിരാകാശത്തെ ചന്ദ്രൻ ഉൾപ്പെടെയുള്ള ഛിന്നഗ്രഹങ്ങളില്‍ ഖനനം ചെയ്യാന്‍ അമേരിക്കയിലെ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന എക്‌സിക്യൂട്ടിവ് ഓര്‍ഡറിൽ പ്രസിഡന്റ് ട്രംപ് ഒപ്പ് വെച്ചു. യുഎസിൽ കൊവിഡ് ബാധിച്ച് മരണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രവൃത്തി എന്നത് ശ്രദ്ധേയമാണ്. അതേപോലെ തന്നെ ബഹിരാകാശം എന്നത് മാനവികതയുടെ മുഴുവന്‍ ആണെന്ന ആഗോള നയത്തിനെതിരുമാണ് പ്രസിഡന്റ് ഇപ്പോൾ ഒപ്പ് വെച്ചിട്ടുള്ള ഈ ഉത്തരവ്.

ബഹിരാകാശം എന്നത് എല്ലാവരും സമമായി കാണുന്ന 1979 ലെ ഐക്യരാഷ്ട്ര സഭയുടെ മൂണ്‍ അഗ്രിമെന്റ് 18 രാജ്യങ്ങള്‍ അംഗീകരിച്ചതാണ്. പ്രസ്തുത നിയമ പ്രകാരം മാനവികതയ്ക്ക് മുഴുവനും ഉപകാരപ്പെടാന്‍ വേണ്ടിയാണ് ബഹിരാകാശ പരീക്ഷണങ്ങള്‍ നടത്തേണ്ടത്. എന്നാൽ ഇതിനെ പാടെ ലംഘിക്കുന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍.

2019 ൽ ബഹിരാകാശത്ത് വിന്യസിക്കാനുള്ള സൈന്യത്തെ തയ്യാറാക്കുന്ന ഒരു കരാറിലും ട്രംപ് ഒപ്പിട്ടിരുന്നു. ഇനിയുള്ള ഭാവിയില്‍ മറ്റു ഗ്രഹങ്ങള്‍ അമേരിക്കയുടെ അധികാര പരിധിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കൊമൊസ് പറയുകയുമുണ്ടായി.