മണിക്കൂറുകൾക്കുള്ളിൽ 1350 ലേറെ മരണം, ഞെട്ടി വിറച്ച് അമേരിക്ക; അസ്വസ്ഥനായി ട്രംപ്

single-img
9 April 2020

വാഷിംഗ്ടണ്‍: തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് 19 വൈറസ് ബാധ മൂലം അമേരിക്കയില്‍ മരിച്ചത് രണ്ടായിരത്തിനടുത്ത് ആളുകള്‍. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്ത് വിട്ട കണക്കുപ്രകാരമാണ് തുടര്‍ച്ചയായി ഇത്രയും മരണം സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം 1939 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഞെട്ടി വിറച്ചിരിക്കുകയാണ് . തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തി മുന്നൂറിലധികം ജീവനുകളാണ് ഇവിടെ നഷ്ടമായത്. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 1373 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ പതിനാലായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.

അതേസമയം കൊറോണയെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ക്കും രാഷ്ട്രീയ നടപടികള്‍ക്കും എതിരെ വിദഗ്ധർ ഉൾപ്പെടെ വിമർശനങ്ങളുമായി വരുന്നത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അസ്വസ്ഥനാക്കുന്നു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പലവട്ടം ട്രംപ് കോപാകുലനായി. സര്‍ക്കാര്‍ നടപടികളുടെ അപര്യാപ്തതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയാറായതുമില്ല.

നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും മഹാമാരിയുടെ പ്രഭാവം ഇത്രത്തോളമുണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിഞ്ഞില്ലെന്ന പ്രസ്താവനയാണ് ട്രംപ് നടത്തിയത്. കോവിഡ് നിയന്ത്രണ നടപടികളില്‍ യുഎസ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ആരോപണം ഉയരുകയും രാജ്യത്ത് മരണസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കടുത്ത വെല്ലുവിളികളാണ് ട്രംപ് ഭരണകൂടം നേരിടാനിരിക്കുന്നതെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം അമേരിക്കയാണ്. യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 4,00,549 ആണ്. 21,711 പേർ രോഗമുക്തരായപ്പോൾ 12,857 പേർക്കു ജീവൻ നഷ്ടപ്പെട്ടു.