ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തിൽ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണ്; മകന്റെ കോവിഡ് രോഗം ഭേദമായി; കേരളത്തോട് നന്ദി പറഞ്ഞ് സംവിധായകൻ എം.പത്മകുമാർ

single-img
9 April 2020

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രശംസ അറിയിച്ച് സംവിധായകൻ എം.പത്മകുമാർ. കോവിഡ് ബാധിതനായ മകൻ രോഗവിമുക്തി നേടിയതിൽ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് സംവിധായകൻ എം. പത്മകുമാർ രംഗത്തെത്തുകയായിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സംവിധായകന്റെ മകനും സുഹൃത്തും ആശുപത്രി വിട്ടു. പാരിസിൽ വച്ച് കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി സംശയം തോന്നിയതിനാൽ, നാട്ടിൽ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു ഇരുവരും.

മകൻ രോഗവിമുക്തി നേടിയതിലുള്ള സന്തോഷം ഫെയ്സ്ബുക്കിലൂടെയാണ് പത്മകുമാർ പങ്കുവച്ചത്. സംവിധായകന്റെ വാക്കുകൾ- “എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ അഹോരാത്രം പൊരുതുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നിങ്ങനെ എല്ലാവർക്കും ഒരുപാടും നന്ദിയും സ്നേഹവും. ഒപ്പം, ഈ സംഘത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും ജില്ലാ കലക്ടർ എസ്.സുഹാസിനും ഒരുപാടു സ്നേഹം. ഇത് വെറുമൊരു കൃത്ജ്ഞാ കുറിപ്പല്ല. എന്റെ നാടിനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും ഓർത്തുള്ള അഭിമാനക്കുറിപ്പാണ്. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തിൽ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണ്!”

പത്മകുമാറിന്റെ മകനും സുഹൃത്തും മാർച്ച് 16‌നാണു ഡൽഹിയിലെത്തിയത്. പാരിസിൽ വച്ചു കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി ഇവർക്കു സംശയമുണ്ടായിരുന്നു. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തി ഡൽഹി വിമാനത്താവളത്തിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞു. 17നു കൊച്ചിയിലെത്തിയ ഇവർക്കു രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം ലഭിച്ചു.

Dear all , My son Akash and his colleague Eldho Mathew has been discharged from Kalamassery M C, after the treatment of…

Posted by Padmakumar Manghat on Wednesday, April 8, 2020

തുടർന്ന് രണ്ടുപേരും ഒരു വീട്ടിൽ തന്നെ സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തി കഴിയുകയായിരുന്നു. മാർച്ച് 23നു രോഗലക്ഷണങ്ങൾ പ്രകടമായി. ഇതോടെ ഇവരെ കളമശേരി മെഡിക്കൽ കോളജിലെത്തിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും മറ്റാരുമായും സമ്പർക്കമില്ലാതിരുന്നതിനാൽ ഇവരുടെ റൂട്ട് മാപ് തയാറാക്കേണ്ടി വന്നില്ല.നാടെങ്ങും കോവിഡ് രോഗികൾ വിലക്കു ലംഘിച്ചു കറങ്ങി നടന്നതിന്റെ കഥകൾ ഭീതി പരത്തുമ്പോൾ നല്ല മാതൃക കൂടി കാണിച്ചുതരികയായിരുന്നു ആകാശും എൽദോയും. പാരിസിൽനിന്നു വന്ന അന്നുമുതൽ ഇവർ സ്വയം സമ്പർക്ക വിലക്കിലേർപ്പെട്ട് മറ്റാരുമില്ലാത്ത വീട്ടിൽ ഒരുമിച്ചു കഴിയുകയായിരുന്നു. അതിനാൽ രോഗം സ്ഥിരീകരിച്ചപ്പോഴും അധികൃതർക്കു ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.