ചികിത്സയിലുള്ള കൊവിഡ് രോഗികൾക്ക് ആദ്യ ഫലം നെഗറ്റിവ്, കൂട്ടത്തോടെ ഡിസ്ച്ചാർജ് , രണ്ടാം ഫലത്തിൽ 4 പേർക്ക് കോവിഡ്; ഗുരുതര ചികിത്സ പിഴവ്

single-img
9 April 2020

ചെന്നൈ: തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം കുത്തനെയാണ് ഉയരുന്നതിനിടയിൽ ഗുരുതര ചികിത്സ പിഴവ്. കൊവിഡ് ഭേദമാകാത്ത രോഗികളെ കൂട്ടത്തോടെ ഡിസ്ചാ‍ർജ് ചെയ്ത് വിളുപുരം സർക്കാർ ആശുപത്രിയാണ് അലക്ഷ്യമായി പ്രവർത്തിച്ചിരുന്നത്. പ്രാഥമിക പരിശോധനാഫലം വന്ന ഉടൻ വിശദമായ ഫലത്തിന് കാത്തുനിൽക്കാതെ കൂട്ടത്തോടെ 26 രോഗികളെ ഡിസ്ചാർജ് ചെയ്ത ആശുപത്രിയ്ക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണ്. വിശദപരിശോധനാ ഫലം വന്നപ്പോൾ ഡിസ്ചാർജ് ചെയ്തതിൽ നാല് പേർക്ക് കൊവിഡുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

കൊവിഡ് പരിശോധനയ്ക്കായി ആശുപത്രിയിൽ ഐസൊലേഷനിലുണ്ടായിരുന്ന 26 പേരുടെ ഫലമാണ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. തമിഴ്നാട്ടിൽ സർക്കാർ ലാബുകൾക്കും സ്വകാര്യ ലാബുകൾക്കും കൊവിഡ് പരിശോധനയ്ക്ക് അനുമതിയുണ്ട്. വിളുപുരം സർക്കാർ ആശുപത്രിയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചത് ഒരു സ്വകാര്യ ലാബിലേക്കാണ്. ഇവിടെ നിന്ന് പ്രാഥമികമായി ലഭിച്ച ഫലം നെഗറ്റീവായിരുന്നു. ഇവരെയെല്ലാവരെയും ഇതോടെ രോഗമില്ലെന്ന് രേഖപ്പെടുത്തി സർക്കാർ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തു.

എന്നാൽ രണ്ടാമത്തെ വിശദമായ പരിശോധനാ ഫലം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇന്ന് വൈകിട്ടോടെ രണ്ടാം പരിശോധനാ ഫലം വന്നു. ഇതിൽ നാല് പേർക്ക് കൊവിഡുണ്ടെന്ന് കണ്ടെത്തി. ഇതോടെ ആരോഗ്യവകുപ്പും പൊലീസും ചേർന്ന് നെട്ടോട്ടമായി. മൂന്ന് രോഗികളെ പൊലീസ് കണ്ടെത്തി തിരികെ ഐസൊലേഷൻ വാർഡിലാക്കി. പക്ഷേ നാലാമന്‍റെ കാര്യത്തിലായിരുന്നു ബുദ്ധിമുട്ട്. ദില്ലിയിൽ നിന്ന് എത്തിയ ഒരു അതിഥിത്തൊഴിലാളിയായിരുന്നു ഇയാൾ. ഇയാളെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 700 കടന്നു. ഏറ്റവുമൊടുവിലുള്ള കണക്ക് പ്രകാരം തമിഴ്നാട്ടിൽ ആകെ 738 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് മാത്രം 48 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 42 പേർക്ക് നിസ്സാമുദ്ദീൻ ചടങ്ങുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ നിസ്സാമുദ്ദീനിൽ നിന്ന് എത്തിയ വിദേശികളാണ്. തമിഴ്നാട്ടിൽ ആകെയുള്ള 738 രോഗികളിൽ 679 പേരും നിസ്സാമുദ്ദീനുമായി ബന്ധമുള്ളവരാണ്. തമിഴ്നാട്ടിൽ ചെന്നൈയിലും കോയമ്പത്തൂരുമാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്.