24 മണിക്കൂറിനുള്ളില്‍ 1373 പേർക്ക് ജീവൻ നഷ്ടപ്പെട്ട് യുഎസ്: യൂറോപ്പും അമേരിക്കയും ശവപ്പറമ്പായി

single-img
9 April 2020

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് അതിൻ്റെ മുന്നേറ്റം തുടരുകയാണ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നു. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 88,433 പേര്‍ക്കാണ് വൈറസ് ബാധ മൂലം ജീവഹാനി നേരിട്ടത്. 

കോവിഡില്‍ ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്. 1,39,422 പേര്‍ക്കു രോഗം ബാധിച്ചതില്‍ 17,669 പേര്‍ മരിച്ചു. 1,48,220 പേര്‍ക്ക് കോവിഡ് ബാധിച്ച സ്‌പെയിന്‍ ആണ് മരണനിരക്കില്‍ രണ്ടാമത്. ഇവിടെ 14,673 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 15,13,935 ആയി ഉയര്‍ന്നു. ലോകത്ത് 3,29,731 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലാണ്. 4,30,902 പേര്‍ക്കാണ് രോഗബാധയുള്ളത്.  30,567 പുതിയ കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ മരണനിരക്കും ഉയരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 1373 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 14,766 ആയി.

ബ്രിട്ടനിൽ ഒരു ദിവസത്തിനിടെ 938 പേരാണ് മരിച്ചത്. മരിച്ചവരുടെ ആകെ എണ്ണം 7097 ആയി ഉയര്‍ന്നു.  ബ്രിട്ടനില്‍ 60,733 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഫ്രാന്‍സില്‍ 1,12,950 പേര്‍ക്കു രോഗം ബാധിച്ചു, മരണം 10,869. ജര്‍മനിയില്‍ 1,09,702 പേര്‍ക്കു രോഗം ബാധിച്ചു, മരണം 2105.ചൈനയില്‍ 81,802 പേര്‍ക്കാണു രോഗം ബാധിച്ചത്, മരണം 3333.  ഇറാനില്‍ 64,586 പേരാണ് രോഗബാധിതരായത്, 3993 പേര്‍ മരിച്ചു.

അതേസമയം രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും മരണനിരക്കില്‍ ബെല്‍ജിയവും നെതര്‍ലന്‍ഡ്‌സും ആശങ്ക സൃഷ്ടിക്കുന്നു. 23,403 പേര്‍ക്ക് രോഗം വന്ന ബെല്‍ജിയത്തില്‍ ആകെ മരണം 2240 ആയി. നെതര്‍ലന്‍ഡ്‌സില്‍ 20,549 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവിടെ മരിച്ചവരുടെ എണ്ണം 2248 ആയി വര്‍ധിച്ചു.