ഇവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല, വയനാട്ടിൽ സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം എത്തിച്ചെന്ന പ്രചാരണം വ്യാജം -മുഖ്യമന്ത്രി

single-img
9 April 2020

തിരുവനന്തപുരം: വയനാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ അന്തർസംസ്ഥാന തൊഴിലാളികൾക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണമെത്തിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ മണ്ഡലം കൂടിയായതിനാൽ ഈ വാർത്ത വലിയ തോതിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാഷ്ട്രീയപരമായി ഏറെ ചർച്ച ചെയ്ത സംഭവമാണ് ഇപ്പോൾ കള്ളമാണെന്ന് പിണറായി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അന്തർസംസ്ഥാന തൊഴിലാളികൾ സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്നുണ്ടായിരുന്നു. ഇവർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ക്വാർട്ടേഴ്സ് ഉടമയും ഏജന്‍റും ചേർന്നാണ് എത്തിച്ചു നൽകിയത്. പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ദിവസം 25 കിറ്റുകൾ നൽകുകയും ചെയ്തു. സമൂഹ അടുക്കളയിൽനിന്ന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞപ്പോൾ സ്വയം പാചകം ചെയ്ത് കഴിക്കാമെന്നാണ് തൊഴിലാളികൾ അറിയിച്ചത്. തുടർന്നാണ് കിറ്റുകൾ നൽകിയത്.

ഇവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അങ്ങനെ ഒരു പരാതി ആരുടെയും ശ്രദ്ധയിൽപെട്ടിട്ടുമില്ല. സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം എത്തിച്ചെന്ന വിവരം വ്യാജപ്രചാരണമായി കണ്ട് അവഗണിക്കുകയാണ് ചെയ്തത്. ഇന്ന് ചില വാർത്തകൾ കണ്ടശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്മൃതി ഇറാനിയുടെ ഇടപെടല്‍ മൂലം പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടിയെന്ന വാര്‍ത്ത ഓര്‍ഗനൈസര്‍ എന്ന ആര്‍എസ്എസ് മാധ്യമത്തിലൂടെയും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെടുന്നത്. അതിഥി തൊഴിലാളികള്‍ക്കും പ്രയാസം നേരിടുന്നവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ സംസ്ഥാനത്ത് യോജിപ്പോടെയാണ് ചെയ്തു കൊടുക്കുന്നത്.’ പിണറായി വിജയൻ പറഞ്ഞു.