ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടുക; ചെലവ് ചുരുക്കാൻ 15 ഇന നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

single-img
9 April 2020

കേരളം കോവിഡ് പ്രതിരോധത്തിനായി തുക കണ്ടെത്തുവാൻ സംസ്ഥാന സര്‍ക്കാരിലേക്ക് ചെലവ് ചുരുക്കുന്നതിന് 15 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഇപ്പോള്‍ തന്നെ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ചെന്നിത്തലയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍ വായിക്കാം:

കൂടുതലായിഅനുവദിച്ച ക്യാബിനറ്റ് പദവിക്ക് തുല്യമായ എല്ലാ തസ്തികകളും ഒഴിവാക്കുക, ഉയര്‍ന്ന സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കില്‍ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളില്‍ തുടരാന്‍ അനുവദിക്കുകയോ ചെയ്യുക.

ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടുക., പവന്‍ഹാന്‍സില്‍ നിന്നും മാസവാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സര്‍വ്വീസ് അവസാനിപ്പിക്കുക. ഒഴിവാക്കാനാവാത്ത ഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ദിവസ വാടകയ്ക്ക് എടുക്കാവുന്നതാണ്.

കേരളത്തില്‍നവോത്ഥാന സമുച്ചയം നിര്‍മ്മിക്കാന്‍ അനുവദിച്ച 700 കോടി രുപ കോവിഡ് ഫണ്ടിലേക്ക് മാറ്റുക.
അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികേ, കെല്‍ട്രോണ്‍, സിഡ്കോ, മറ്റ് അക്രഡിറ്റട്ട് ഏജന്‍സികള്‍ വഴി നല്‍കുന്ന പുറം കരാറുകള്‍ ഒഴിവാക്കുക. ഇത് വഴി 10മുതല്‍20% വരെ അധികമായി നല്‍കുന്ന Consultancy fee ഒഴിവാക്കാം.

കേസുകളുടെ നടത്തിപ്പിനായി വന്‍തുക നല്‍കി സുപ്രീം കോടതി അഭിഭാഷകരെ വരുത്തുന്നത് അവസാനിപ്പിക്കുക. അതിന് പകരമായി സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന പ്രഗത്ഭരായ അഭിഭാഷകരെ ഉപയോഗിക്കുക., സര്‍ക്കാരിന്റെ ആഘോഷപരിപാടികള്‍, അനാവശ്യമായ പണചിലവ് വരുന്ന കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ തുടങ്ങിയവ നിര്‍ത്തലാക്കുക.

സംസ്ഥാന മന്ത്രിമാരുടേയും, ഉദ്യോഗസ്ഥരുടേയും അത്യന്താപേക്ഷിതമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കുക. ഉദ്യോഗസ്ഥരുടെ ആഭ്യന്തരയാത്രക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക., പുതിയതായുള്ള വാഹനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കി അത്യാവശ്യ ഘട്ടത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുക.

ഉയര്‍ന്ന ശമ്പളത്തില്‍ കിഫ്ബിയില്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും അനാവശ്യ തസ്തികകള്‍ നിര്‍ത്തലാക്കുകയും ചെയ്യുക. 12 കോടി ചിലവില്‍ നടക്കുന്ന കിഫ്ബി ബോധവല്‍ക്കരണ പരിപാടി നിര്‍ത്തിവയ്ക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ധൂര്‍ത്തും, അനാവശ്യ മോടിപിടിപ്പിക്കലും അവസാനിപ്പിക്കുക

മുഖ്യമന്ത്രിയുടെ വെബ്സൈറ്റ്, സമൂഹമാധ്യമ പരിപാലനത്തിന് നല്‍കിയിരിക്കുന്ന 4.32 കോടി രൂപയുടെ പുറം കരാര്‍ റദ്ദ് ചെയ്ത് , ചമുതല പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഏല്പിക്കുക, സംസ്ഥാനത്ത് കാലാവധികഴിഞ്ഞും പ്രവര്‍ത്തിച്ചുവരുന്ന എല്ലാ കമ്മീഷനുകളും പിരിച്ചുവിടുക., അനാവശ്യമായ ഓഫീസ് മോടിപിടിപ്പിക്കല്‍, വാങ്ങലുകള്‍ എന്നിവ ഒഴിവാക്കുക.